എറണാകുളം: എറണാകുളം കാലടി സ്വദേശിയായ സാമൂഹിക പ്രവര്‍ത്തക പൗളിൻ ജോസഫ് വാഹനാപകടത്തില്‍ മരിച്ചതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതും ശരീരത്തില്‍ മുറിവുകള്‍ കണ്ടതുമാണ് സംശയത്തിന് ഇടയാക്കുന്നത്. മൃതദേഹം സംസ്കരിക്കാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച കോയമ്പത്തൂരില്‍വെച്ചാണ് പൗളിൻ ജോസഫ് വാഹനാപകടത്തില്‍ മരിച്ചത്. പൗളിൻ സഞ്ചരിച്ച ബൈക്ക് മറിയുകയായിരുന്നു.

കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ശരീരത്തില്‍ ഏതാനും മുറിവുകള്‍ കണ്ടത്. കത്തി കൊണ്ട് കീറിയതുപോലുള്ള മുറിവുകളായിരുന്നു അത്. വാഹനാപകടമാണെങ്കില്‍ ഇത്തരം മുറിവുകള്‍ ഉണ്ടാകാറില്ലെന്ന് ഡോക്ടര്‍മാരും പറയുന്നു. പൗളിന്‍റെ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതും സംശയം വര്‍ദ്ധിപ്പിച്ചു. കൊലപാതകമാണെന്ന് സംശയിക്കുന്നതായും വിശദമായ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.

വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന ആവശ്യവും ബന്ധുക്കള്‍ മുന്നോട്ടുവെക്കുന്നു. അതിനായാണ് മൃതദേഹം സംസ്കരിക്കാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് പൗളിൻ ജോസഫ് കോയമ്പത്തൂരിലേക്ക് പോയത്.