കോട്ടയം: കോട്ടയം ഗാന്ധിനഗറിൽ റിട്ട. എസ്ഐയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിച്ചിറ സ്വദേശി ശശിധരനാണ് മരിച്ചത്. അയൽവാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

രാവിലെ അഞ്ചേകാലിന് പത്രമിടാനെത്തിയ യുവാവാണ് ഒരാള്‍ റോഡിന് സമീപം കിടക്കുന്നത് കണ്ടത്. പരിശോധിച്ചപ്പോള്‍ തലയില്‍ നിന്ന് രക്തം വാര്‍ന്നൊഴുകിയത് ശ്രദ്ധയില്‍പ്പെട്ടു. നാട്ടുകാരെ വിളിച്ച് കൂട്ടിയപ്പോഴാണ് ശശിധരനാണെന്ന് മനസിലായത്. പുലര്‍ച്ചെ നടക്കാനിറങ്ങിയതായികുന്നു ശശിധരൻ.

പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ ശശിധരന്‍റെ അയൽവാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വീടിനോട് ചേർന്നുള്ള വഴിയെച്ചൊല്ലി യുവാവും ശശിധരനും തമ്മിൽ വാക്തർക്കം ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഇന്ന് രാത്രി വിദേശത്തേക്ക് പോകാനിരിക്കെയാണ് ശശിധരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.