ബംഗളൂരു: വ്യാജഫോണ്‍ തിരിച്ചറിയാതെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയ ബംഗളൂരു സ്വദേശിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥന് നഷ്ടമായത് അരലക്ഷം രൂപ. വെങ്കട്ടപുര സ്വദേശിയായ ജയാനന്ദ് ആണ് തട്ടിപ്പിനിരയായത്. രാവിലെ പത്തരയോടെ അറിയാത്ത ഒരു നമ്പറില്‍ നിന്നാണ് കോള്‍ വന്നതെന്ന് ജയാനന്ദ് പറയുന്നു.

ബാങ്ക് ഉദ്യോഗസ്ഥനെന്ന് പറഞ്ഞു പരിചയപ്പെടുത്തിയ വ്യക്തി ജയാനന്ദിന്റെ എടിഎം കാര്‍ഡ് ചില കാരണങ്ങളാല്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും പണമിടപാടുകള്‍ നടത്താന്‍ കഴിയില്ലെന്നറിയിക്കുകയുമായിരുന്നു. ബ്ലോക്ക് മാറ്റുന്നതിനായി അടുത്തുള്ള ബ്രാഞ്ച് ഓഫീസില്‍ പോവുകയോ അല്ലെങ്കില്‍ താന്‍ ഫോണില്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയോ ചെയ്താല്‍ മതിയെന്നു പറയുകയും ചെയ്തു.

തിരക്കിലായിരുന്നതിനാല്‍ ബാങ്ക് ബ്രാഞ്ച് ഓഫീസില്‍ പോകേണ്ടെന്നു തീരുമാനിച്ച ജയാനന്ദ് ഫോണില്‍ അപ്പുറത്തുളള വ്യക്തിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയായിരുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി ആധാര്‍ കാര്‍ഡ് നമ്പര്‍ വേണമെന്നാണ് ആദ്യം പറഞ്ഞത്. ആധാര്‍ കാര്‍ഡ് കൈവശമില്ലാത്തതിനാല്‍ ഉടനെ വീട്ടിലെത്തി ആ നമ്പറില്‍ തിരിച്ചു വിളിക്കുകയായിരുന്നുവെന്നും ജയാനന്ദ് പിന്നീട് പൊലീസിനു നല്‍കിയ പരാതിയില്‍ പറഞ്ഞു. തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങളും എടിഎം കാര്‍ഡ് നമ്പറും ആവശ്യപ്പെട്ടു. ഒടിപി നമ്പര്‍ കൂടി നല്‍കിയതോടെ അക്കൗണ്ടില്‍ നിന്ന് 4062 രൂപ പിന്‍വലിക്കപ്പെട്ടതായി എസ്എംഎസ് വന്നു.  

അതേകുറിച്ച് ചോദിച്ചപ്പോള്‍ എടിഎം കാര്‍ഡ് റീ ആക്ടിവേറ്റ് ചെയ്യുതിനുളള തുകയാണിതെന്നും അത് പിന്നീട് ബാങ്ക് തിരിച്ചു നല്‍കുമെന്നും അറിയിച്ചു. അപ്പുറത്തുളള വ്യക്തി ആവശ്യപ്പെട്ട പ്രകാരം പിന്നീട് വന്ന രണ്ട് ഒടിപി നമ്പറുകള്‍ കൂടി നല്‍കിയതോടെ രണ്ട് തവണയായി അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായി എസ്എംഎസ് അലേര്‍ട്ട് വരുകയായിരുന്നുവെന്നും മൊത്തം 50000 രൂപ നഷ്ടപ്പെട്ടതായും ജയാനന്ദ് പരാതിയില്‍ പറയുന്നു.

പിന്നീട് ആ നമ്പറില്‍ വിളിച്ചെങ്കിലും ഫോണ്‍ ഓഫായിരുന്നു. ഉടനെ തട്ടിപ്പ് വിവരം ബാങ്ക് അധികൃതരെ അറിയിച്ച് എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്യിപ്പിക്കുകയും സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ദിനംപ്രതി ഒട്ടേറെ സൈബര്‍ കുറ്റകൃത്യങ്ങളാണ് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ചില കേസുകളില്‍ മാത്രമാണ് പ്രതികളെ പിടികൂടാന്‍ പൊലീസിനു കഴിയാറുള്ളത്. ഒരാഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അഞ്ചാമത്തെ കേസാണിത്.