കാസർഗോഡ്: കാസർഗോഡ് ഉദയഗിരി സർക്കാർ ക്വാർട്ടേഴ്സ് മുറ്റത്ത് നിർത്തിയിട്ട റിട്ടേർഡ് പൊലീസ് ഉദ്യോഗസ്ഥന്റെ കാറ് തീയിട്ട് നശിപ്പിച്ചു. മുൻ സബ് ഇൻസ്പെക്ടർ പിവി ശിവദാസന്റെ കാറാണ് കത്തി നശിച്ചത്. കാസർഗോഡ് ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ നിന്നും കഴിഞ്ഞ വർഷമാണ് പി.വി ശിവദാസൻ വിരമിച്ചത്. കുടുംബവുമൊത്ത് ഉദയഗിരിയിലെ എൻജിഒ ക്വാർട്ടേഴസിലാണ് താമസം. സർക്കാർ ജീവനക്കാരിയായ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കാറാണ് കത്തി നശിച്ചത്.

കഴിഞ്ഞ ദിവസം വൈകുന്നേരം ഒരാൾ കാറിനടുത്തെത്തി പരിശോധിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ട്. രാത്രി പന്ത്രണ്ടരയോടെയാണ് ഇതേയാൾ മുഖം മൂടി ധരിച്ചെത്തി കാറിന് തീയിടുന്നത്. സർവീസിലിരിക്കെയുണ്ടായ ശത്രുതയാകാം ആക്രമണത്തിന് കാരണമെന്നാണ് സംശയം. സംഭവത്തിൽ വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം. ശിവദാസ് നേരത്തെ അന്വേഷിച്ചിരുന്ന കേസുകളുമായി ബന്ധപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ട്.