മുംബൈ: ആത്മഹത്യ ചെയ്ത നടൻ സുശാന്ത് സിംഗ് അവസാന ദിവസങ്ങളിൽ താനുമായി അകന്നിരുന്നെന്ന് നടിയും കാമുകിയുമായ റിയ ചക്രബർത്തി മൊഴി നൽകിയതായി റിപ്പോർട്ടുകൾ. ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ് വ്യക്തി ജീവിതത്തിലെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ച് റിയ പൊലിസിനോട് വെളിപ്പെടുത്തിയത്.

അതിനിടെ സിനിമാമേഖലയിലെ കിടമത്സരങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന്‍റെ ഭാഗമായി യാഷ് രാജ് നിർമ്മാണക്കമ്പനിക്ക് പൊലീസ് നോട്ടീസയച്ചു. സുശാന്തും റിയയും തമ്മിൽ പ്രണയത്തിലായിരുന്നെന്ന ഗോസിപ്പുകളെ ഇരുവരും തള്ളിപ്പറയുകയോ സമ്മതിക്കുകയോ ചെയ്തിരുന്നില്ല. ചോദ്യം ചെയ്യലിൽ പൊലീസിനോട്  പ്രണയം വെളിപ്പെടുത്തിയ റിയ ലോക്ഡൗൺ കാലത്ത് സുശാന്തിന്‍റെ ബാന്ദ്രയിലെ ഫ്ലാറ്റിൽ ഒപ്പം താമസിച്ചിരുന്നതായി പറയുന്നു.

മറ്റൊരു സുഹൃത്തുമായി ബന്ധപ്പെട്ട വിഷയത്തിൽ തർക്കിച്ചാണ് സുശാന്ത് മരിക്കുന്നതിന് തൊട്ടു മുൻപൊരു ദിവസം ഫ്ലാറ്റിൽ നിന്ന് പോയത്. മരിക്കും മുൻപ് രാത്രി സുശാന്ത് റിയയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെന്നും പക്ഷെ  കിട്ടിയില്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് റിയയെ മാരത്തോൺ ചോദ്യം ചെയ്യലിന് വിധേയയാക്കിയത്.

ഈ വർഷം അവസാനം വിവാഹിതരാകാൻ തീരുമാനിച്ചിരുന്നതായും റിയയുടെ മൊഴിയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. സുശാന്ത് വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നെന്നും കുറച്ച് ആഴ്ചകളായി മരുന്ന് കഴിക്കുന്നുണ്ടായിരുന്നെന്നും മൊഴിലുള്ളതായാണ് വിവരം. എന്നാൽ സിനിമകളിൽ നിന്ന് സുശാന്തിന് അവസരങ്ങൾ കുറഞ്ഞെന്ന വാദത്തോട് നടി യോജിച്ചില്ലെന്നാണ് സൂചന.

ഇതുവരെ സുശാന്തിന്‍റെ മാനേജർമാരടക്കം 13 പേരെ ഇതുവരെ ചോദ്യം ചെയ്തു കഴിഞ്ഞു. സിനിമകളിൽ നിന്ന് സുശാന്തിനെ ഒതുക്കാൻ ശ്രമിച്ചെന്നാണ്  ബോളിവുഡിലെ കാസ്റ്റിംഗ് ഡയറക്ടർ മുകേഷ് ഛബ്രയുടേയും മൊഴി. ഈ വശം കൂടി അന്വേഷിക്കുന്നതിന്‍റെ ഭാഗമായാണ് യാഷ് രാജ് നിർമ്മാണക്കമ്പനിയോട് സുശാന്തുമായുള്ള കരാറുകളുടെ വിവരങ്ങൾ ഉടൻ സമർപ്പിക്കാൻ ആവശ്യപ്പെട്ടത്.