മുംബൈ: ലഹരിമരുന്ന് കേസില്‍  ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട നടി റിയ ചക്രബർത്തിയെ പാര്‍പ്പിക്കുക ബൈക്കുള വനിതാ ജയിലില്‍. ഷീന ബോറ വധക്കേസിൽ വിചാരണത്തടവിൽ ജയിലിൽ കഴിയുന്ന ഇന്ദ്രാണി മുഖർജി പാര്‍ക്കുന്ന അതേ ബാരക്കിലാവും റിയയെയും പാര്‍പ്പിക്കുക. ഇന്ന് രാവിലെയാണ് റിയയെ ബൈക്കുള ജയിലിലേക്ക് അയച്ചത്. ഉച്ചയ്ക്ക് ശേഷം ജയിലില്‍ എത്തിയ റിയയെ മെഡിക്കല്‍ സംഘം പരിശോധന പൂര്‍ത്തിയാക്കി അനുവദിച്ച ബാരക്കിലെ മുറിയിലേക്ക് പ്രവേശിപ്പിച്ചിരുന്നു. 

ആരോഗ്യകാരണങ്ങൾ സൂചിപ്പിച്ചുകൊണ്ടും കൊവിഡ് വ്യാപനത്തിന്റെ പേര് പറഞ്ഞുമൊക്കെ മുൻകാലങ്ങളിൽ ഇന്ദ്രാണി നൽകിയ നിരവധി ജാമ്യാപേക്ഷകൾ  കോടതി തള്ളിയ ശേഷം ബൈക്കുള സ്ത്രീകളുടെ ജയിലിലാണ് അവരുള്ളത്. 2017ല്‍ ജയിലിലെ സഹതടവുകാരി മരിച്ചതിന് പിന്നാലെ ഇന്ദ്രാണി മുഖര്‍ജി പ്രതിഷേധിച്ചിരുന്നു. ഇത് ജയിലില്‍ ഇവര്‍ക്ക് ഏറെ പിന്തുണ സൃഷ്ടിച്ചതായും. പുതിയതായി വരുന്ന തടവുകാരെ ഇവര്‍ കാണാറുണ്ടെന്നുമാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ദ്രാണിയെ കൂടാതെ 250 തടവുകാരാണ് ഇവിടെയുള്ളത്. 

ഇരുപത്തിനാലുകാരിയായ മകൾ ഷീന ബോറയെ 2012 ഏപ്രിൽ മാസത്തിൽ മുൻ ഭർത്താവ് സഞ്ജീവ് ഖന്നയുടേയും ഡ്രൈവർ ശ്യാംവർ റായിയുടെയും സഹായത്തോടെ കഴുത്തുഞെരിച്ച് കൊന്ന ശേഷം മൃതദേഹം മുംബൈയിൽ നിന്ന് അധികം ദൂരെയല്ലാത്ത റായ്ഗഡ് ജില്ലയിലെ വനാന്തർഭാഗത്ത് കൊണ്ടുപോയി പെട്രോളൊഴിച്ച് കത്തിച്ചു കളഞ്ഞു എന്നതാണ് ഇന്ദ്രാണി മുഖർജിയക്കെതിരെയുള്ള കേസ്. ഈ വധത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടായിരുന്നു എന്നാരോപിച്ച് ഇന്ദ്രാണിയുടെ ഭർത്താവും, സ്റ്റാർ ഇന്ത്യ മേധാവിയുമായിരുന്ന പീറ്റർ മുഖർജിയയും പിന്നീട് അറസ്റ്റിലാവുകയും റിമാൻഡിൽ അയക്കപെടുകയുമൊക്കെ ഉണ്ടായിരുന്നു. വിചാരണത്തടവിനിടെ കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇന്ദ്രാണിയും ഭർത്താവും വിവാഹമോചിതരാവുകയും ചെയ്തിരുന്നു.