സോംബി ആഞ്ജലീന ജോളിയെന്ന പേരില്‍ പ്രശസ്തയായ ഇറാനിയന്‍ യുവതിയ്ക്ക് ജയില്‍ ശിക്ഷ. മതനിന്ദ ആരോപണത്തിലാണ് ശിക്ഷ. സഹര്‍ തബര്‍ എന്ന ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറിനെയാണ് പത്ത് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്. ഹോളിവുഡ് താരം ആഞ്ജലീന ജോളിയേപ്പോലെ ആകാനായി നിരവധി ശസ്ത്രക്രിയകള്‍ക്കാണ് ഈ പത്തൊന്‍പതുകാരി വിധേയയായത്.

കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളാണ് സബറിനെ ജയിലിലാക്കിയത്. കോസ്മെറ്റിക് സര്‍ജറികള്‍ക്ക് വിധേയയായി ആഞ്ജലീന ജോളിയുടെ സ്പൂക്കി വേര്‍ഷന്‍ ആവാനുള്ള ശ്രമത്തിലായിരുന്നു സബര്‍. ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇവരെ വൈറലാക്കിയിരുന്നു. സോംബി ആഞ്ജലീന ജോളി എന്നായിരുന്നു സബര്‍ അറിയപ്പെട്ടിരുന്നത്. സാമൂഹിക, സാംസ്കാരിക, ധാര്‍മ്മിക അഴിമതി കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. 50 പ്ലാസ്റ്റിക് സര്‍ജറിയാണ് ഇതിനോടകം സബര്‍ ചെയ്തത്.

ആഞ്ജലീന ജോളിയേപ്പോലെയാകാന്‍ എന്ത് ചെയ്യാനും ഒരുക്കമാണെന്നാണ് നേരത്തെ സബര്‍ പ്രതികരിച്ചത്. 2017ലാണ് ആഞ്ജലീന ജോളിയാകാന്‍ വേണ്ടി പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് പരാജയപ്പെട്ട യുവതി എന്ന പേരില്‍ പ്രശസ്തയവുന്നത്. ഫേസ്ബുക്കും ടെലഗ്രാമും ഉള്‍പ്പെടെ ലോകവ്യാപകമായി ഉപയോഗിക്കപ്പെടുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെല്ലാം നിരോധിക്കപ്പെട്ട ഇറാനില്‍ അനുവദനീയമായ ഏക സോഷ്യല്‍ മീഡിയ ഇടമാണ് ഇന്‍സ്റ്റഗ്രാം.