വൃദ്ധ ദമ്പതികൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത് എന്നറിയാവുന്ന മോഷ്ടാക്കൾ, ആക്സോ ബ്ലേഡ് ഉപയോഗിച്ച് ചന്ദനമരം മുറിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ചന്ദനമരം മുറിച്ച് കടത്താൻ ശ്രമിച്ച രണ്ട് അംഗസംഘത്തിലെ ഒരാൾ പൊലീസിന്റെ പിടിയിലായി. പരവൂർ സ്വദേശി സലിം (52) നെയാണ് അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 12 ന് രാത്രിയിൽ ഇടവ കാപ്പിൽ വടക്കേഭാഗം വീട്ടിൽ പ്രശോഭിനി (78)യുടെ പുരയിടത്തിൽ നിന്ന 22 വർഷം പ്രായമുള്ള ചന്ദനമരമാണ് സലീമും കൂട്ടാളിയും ചേർന്ന് മുറിച്ച് കടത്താൻ ശ്രമിച്ചത്.
വൃദ്ധ ദമ്പതികൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത് എന്നറിയാവുന്ന മോഷ്ടാക്കൾ, ആക്സോ ബ്ലേഡ് ഉപയോഗിച്ച് ചന്ദനമരം മുറിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു. ഈ സമയം സമീപത്തെ കായലിൽ ചൂണ്ടയിടാൻ പോയവരാണ് മോഷണശ്രമം കാണുന്നത്. ഇവർ പരിസരവാസിയായ ഒരാളെ ഫോണിലൂടെ വിവരം അറിയിച്ചു. തുടർന്ന് പരിസരവാസി അയിരൂർ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
വിവരമറിഞ്ഞ് സമീപത്തു പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് സംഘം സ്ഥലത്തെത്തി. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളിൽ ഒരാളായ സലീമിനെ പിടികൂടുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും. ഓടി രക്ഷപ്പെട്ട കൂട്ടാളിക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Read More : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരിമരുന്ന് കൊടുത്ത് പീഡിപ്പിച്ചു; മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ
