ബെംഗളുരു: വിവാദമായ ബെംഗളൂരു മയക്കുമരുന്ന് കേസിൽ രണ്ടു നടന്മാരും ഒരു കോൺഗ്രസ് നേതാവും ചോദ്യം ചെയ്യലിന് ഹാജരായി. നടന്മാരായ അകുൽ ബാലാജി , സന്തോഷ് കുമാർ മുൻ വാർഡ് മെമ്പർ ആർവി യുവരാജ് എന്നിവരാണ് സിസിബിക്ക് മുന്നിൽ ഹാജരായത്. നേരത്തെ അറസ്റ്റിലായ പ്രതികളുമായി ഇവർക്ക് ബന്ധമുണ്ടെന്ന സംശയത്തിലാണ് നടപടി.രാജ്യത്തെ മെട്രോ നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയയുടെ കണ്ണികളെ കണ്ടെത്താനുള്ള അന്വേഷണമാണ് സാന്‍ഡല്‍വുഡിനെ പിടിച്ച് കുലുക്കിയത്. 

നടിമാരെ മുന്‍നിർത്തി സംഘടിപ്പിച്ച ലഹരി പാർട്ടികളിലേക്കെത്തിയ ഉന്നതരിലേക്കും അന്വേഷണം നീങ്ങിയിരുന്നു. ഇത്തരം പാർട്ടികൾ നടത്താനായി നഗരത്തില്‍ പ്രത്യേകം ഫ്ലാറ്റുകൾവരെ മയക്കുമരുന്ന് സംഘത്തിന് സ്വന്തമായുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.  സിനിമാരംഗത്തുള്ളവരുടെ മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധം കർണാടകത്തിലും സജീവ ചര്‍ച്ചയായിരുന്നു. ആഗസ്റ്റ് 26 നാണ് മലയാളികളായ അനൂപ് മുഹമ്മദും റിജേഷ് രവീന്ദ്രനും മുന്‍ സീരിയല്‍ താരമായ അനിഖയും എന്‍സിബിയുടെ പിടിയിലായത്. 

കോടികൾ വിലമതിക്കുന്ന ഈ എകസ്റ്റസി പില്ലുകളും , എല്‍എസ്ഡി സ്ട്രിപ്പുകളുമാണ്  ഇവരില്‍നിന്നും കണ്ടെടുത്തിരുന്നു. മുഹമ്മദ് അനൂപിനൊപ്പം നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയുടെ പിടിയിലായ രണ്ടുപേർക്ക് സിനിമാ- സംഗീത രംഗത്തെ പല പ്രമുഖരുമായും നേരിട്ട് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം വെളിപ്പെടുത്തിയിരുന്നു. ബെംഗളൂരുവിലെ വീട്ടില്‍ മയക്കുമരുന്ന് പാർട്ടി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രമുഖ കന്നഡ നടി രാഗിണി ദ്വിവേദിയും അറസ്റ്റിലായിരുന്നു. 

ടി രാഗിണി ദ്വിവേദിയെ രണ്ടാം പ്രതിയാക്കി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് രെജിസ്റ്റർ ചെയ്ത കേസില്‍  മലയാളിയായ നിയാസിനെ അറസ്റ്റ് ചെയ്തിരുന്നു. കന്നഡയില്‍ കൂടാതെ മലയാളം തെലുങ്ക് തമിഴ് സിനിമകളിലും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ദക്ഷിണേന്ത്യയിലെ മുന്‍നിര നടിയായ സഞ്ജന ഗില്‍റാണിയെ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിരുന്നു. ഡ്രഗ് പാർട്ടികളില്‍ മയക്കുമരുന്നുകൾ വിതരണം ചെയ്തതിന് ആഫ്രിക്കന്‍ സ്വദേശിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ആഫ്രിക്കന്‍ സ്വദേശിയായ ബെനാൾഡ് ഉദെന്നയാണ് സിസിബിയുടെ പിടിയിലായത്. ഇതോടെ കേസില്‍ അറസ്ററിലായവരുടെ എണ്ണം 11 ആയിരുന്നു.