കൊച്ചി: മുട്ടാർ പുഴയിൽ മുങ്ങിമരിച്ച പതിമൂന്നുകാരി വൈഗയുടെ മരണവും പിതാവ് സനുമോഹന്‍റെ തിരോധാനവും സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുകളും ചില ചോദ്യങ്ങളുമുന്നയിച്ച് സനുമോഹന്‍റെ സഹോദരൻ ഷിനു മോഹൻ. വൈഗയുടെ മുങ്ങി മരണത്തിൽ സനുമോഹന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും സംഭവത്തിൽ മറ്റാർക്കോ പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്നും ഇത് അന്വേഷിക്കണമെന്നും ഷിനു മോഹൻ ആവശ്യപ്പെട്ടു. 

കുടുംബത്തിന് വേണ്ടി ജീവിച്ചയാളാണ് സനുമോഹൻ. പൂനെയിൽ സാന്പത്തിക ബാധ്യതകളും കേസുകളുമുണ്ടായിരുന്നു. 5 വർഷമായി ബന്ധുക്കളുമായി അടുപ്പമുണ്ടായിരുന്നില്ല. പക്ഷേ വൈഗയുടെ മുങ്ങി മരണത്തിൽ സനുമോഹന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും ഷിനു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

സനുമോഹന്‍റെ എറണാകുളത്തെ ചില ബന്ധങ്ങളിൽ സംശയമുണ്ടെന്ന് പറഞ്ഞ ഷിനു വൈഗയുടെ മരണത്തിന് മൂന്ന് ദിവസം മുൻപ് സനുമോഹന്‍റെ കൊച്ചിയിലെ ഫ്ലാറ്റിൽ ചിലർ എത്തിയിരുന്നുവെന്നും പ്രതികരിച്ചു. സനുമോഹൻ പണം നൽകാനുള്ള ആളുകളായിരുന്നു അത്. ഫ്ലാറ്റിന് പുറതത് പോയാണ് അവർ സംസാരിച്ചത്. ഇക്കാര്യം സനുമോഹന്‍റെ ഭാര്യ തന്നോട് പറഞ്ഞിരുന്നു. വൈഗ സിനിമയിലും പരസ്യങ്ങളിലും അഭിനയിച്ച കാര്യം തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും സഹോദരൻ കൂട്ടിച്ചേർത്തു.