ജയ്പൂര്‍: മോഷണം ആരോപിച്ച് ദളിത് യുവാവിന്‍റെ മലദ്വാരത്തില്‍ പെട്രോളില്‍ മുക്കിയ സ്ക്രൂ ഡ്രൈവര്‍ അടിച്ച് കയറ്റി മര്‍ദിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. നഗ്നനാക്കി മര്‍ദിക്കുന്നതിന് ഇടയിലാണ് ക്രൂരമായ ഈ പീഡനമുറ നടന്നത്.  മര്‍ദനമേറ്റ് നിലത്ത് കിടന്ന് കനിവ് കാണിക്കണമെന്ന് അപേക്ഷിക്കുന്ന യുവാവിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. 

രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെയുള്ള നഗൗര്‍ പട്ടണത്തിലാണ് സംഭവം. വാഹനം സര്‍വ്വീസ് ചെയ്യാനായി എത്തിയ ദളിത് യുവാക്കളെയാണ് മോഷണക്കുറ്റം ആരോപിച്ച് മര്‍ദിച്ചത്. സര്‍വ്വീസ് സെന്‍ററിലെ അലമാരിയില്‍ നിന്ന് പണം മോഷ്ടിച്ചുവെന്നായിരുന്നു ആരോപണം. സര്‍വ്വീസ് സെന്‍ററിലുണ്ടായിരുന്ന ഒരു സംഘം ആളുകളുടെ നേതൃത്വത്തിലായിരുന്നു മര്‍ദനം. ഭീം സിംഗ്, ഏദന്‍ സിംഗ്, ജാസു സിംഗ് സ്വയ് സിംഗ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത പൊലീസ് സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് നഗൗര്‍ പൊലീസ് സൂപ്രണ്ട് വികാസ് പഥക് വ്യക്തമാക്കി. ജീവനക്കാര്‍ മോഷണക്കുറ്റമാരോപിച്ച് സഹോദരങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചത്. കെട്ടിയിട്ട് വസ്ത്രമഴിച്ച് സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ക്രൂരമായി ജനനേന്ദ്രിയങ്ങളിലടക്കം ഉപദ്രവിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പരിക്കേറ്റ സഹോദരങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്സിഎസ്ടി നിയമം അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്യായമായി തടവില്‍ വയ്ക്കുക, മനപൂര്‍വ്വം മുറിവേല്‍പിക്കുക, അന്യായമായി സംഘടിക്കുക തുടങ്ങിയ വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.