നിരോധിത പാന്‍ ഉത്പന്നമായ കൂള്‍ വിറ്റതിനാണ് അറസ്റ്റ്. ജ്യൂസ് കുടിക്കാനായി ദൂര സ്ഥലങ്ങളില്‍ നിന്ന് പോലും വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ എത്തുന്നുവെന്നുള്ള വിവരമാണ് പൊലീസിനെ കടയില്‍ എത്തിച്ചത്.

കാസര്‍കോട്: കാഞ്ഞങ്ങാട്ട് ജ്യൂസ് കടയുടെ മറവില്‍ നിരോധിത പാന്‍ ഉത്പന്നം വിറ്റതിന് ജീവനക്കാരന്‍ അറസ്റ്റില്‍. മീനാപ്പിസിനടുത്തുളള ജ്യൂസ് കടയായ ഹാരിസ് ബീച്ച് സ്റ്റോറിലെ ജിവനക്കാരന് അബ്ദുല്‍ സത്താറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധിത പാന്‍ ഉത്പന്നമായ കൂള്‍ വിറ്റതിനാണ് അറസ്റ്റ്. ജ്യൂസ് കുടിക്കാനായി ദൂര സ്ഥലങ്ങളില്‍ നിന്ന് പോലും വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ എത്തുന്നുവെന്നുള്ള വിവരമാണ് പൊലീസിനെ കടയില്‍ എത്തിച്ചത്.

വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് രഹസ്യ അന്വേഷണം നടത്തിയിരുന്നു. കടയുടെ ലൈസന്‍സ് റദ്ദാക്കാന്‍ മുനിസിപ്പാലിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണന്‍ നായര്‍ അറിയിച്ചു. അതേസമയം, നിരോധിത പുകയില ഉത്പന്നങ്ങളുടെ ശേഖരവുമായി രണ്ട് പേരെ ഇടുക്കി ശാന്തന്‍പാറ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. രാജാക്കാട് പുതിയേടത്ത്കുന്നേല്‍ സുമേഷ്, പൂപ്പാറ സ്വദേശി ഈശ്വരന്‍(52) എന്നിവരാണ് പിടിയിലായത്.

രാജകുമാരി നോര്‍ത്തിലെ വ്യാപാരിയായ സുമേഷിൻറെ വാഹനത്തില്‍ നിന്ന് 2700 പായ്ക്കറ്റും പൂപ്പാറ ടൗണിലെ വ്യാപാരിയായ ഈശ്വരൻറെ പക്കല്‍ നിന്ന് 280 പായ്ക്കറ്റ് ഹാന്‍സുമാണ് പിടികൂടിയത്. അയൽ സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ച ഹാന്‍സ് സുമേഷ് ചില്ലറ വില്‍പന നടത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. സുമേഷിന്റെ പക്കല്‍ നിന്നാണ് ഈശ്വരന്‍ ഇത് വാങ്ങിയിരുന്നത്.

തലസ്ഥാനത്ത് ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന 15 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു. തമലത്തെ ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളാണ് നാർക്കോട്ടിക് സെൽ പിടികൂടിയത്. പ്രാവച്ചമ്പലം സ്വദേശി അൻവറുദ്ദീനാണ് പുകിയില ഉൽപ്പനങ്ങള്‍ സൂക്ഷിച്ചിരുന്നത്. അൻവറുദ്ദീനെ പൊലീസ് പിടികൂടി. വിവിധ കടകളിൽ കൊണ്ടു പോയി വിൽപ്പന നടത്തുന്നതിനാണ് ഇവ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ ഈ നമ്പറിൽ വാട്സ് ആപ്പ് വഴി അറിയിക്കാം.
യോദ്ധാവ് - 99 95 96 66 66

6-ാം ക്ലാസ് വിദ്യാഭ്യാസം, 16-ാം വയസിൽ നാടുവിട്ടു, പല ദേശങ്ങളിൽ താമസിച്ച കൊടുംകുറ്റവാളി, ഇരകൾ ഇനിയുമുണ്ടോ?