എറണാകുളത്ത് കൈക്കൂലി വാങ്ങുന്നതിനിടെ സീനിയർ പൊലീസ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി

കൊച്ചി: എറണാകുളത്ത് കൈക്കൂലി വാങ്ങുന്നതിനിടെ സീനിയർ പൊലീസ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി. മുളവുകാട് പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഓഫീസർ അനൂപാണ് പിടിയിലായിരിക്കുന്നത്. കോൺട്രാക്റ്ററോട് നേരിട്ട് പണം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ് കാക്കനാട് വെച്ച് വിജിലൻസിന്റെ പ്രത്യേക സംഘം ​ഉദ്യോ​ഗസ്ഥനെ പിടികൂടുന്നത്. 

അനധികൃതമായി മണ്ണ് കടത്തിയതിനെ തുടർന്ന് കോൺട്രാക്ടറെ കസ്റ്റഡിയിലെടുത്തിരുന്നു. പണം നൽകിയാണ് ഇയാൾ കേസിൽ നിന്ന് വിടുതൽ നേടിയത്. പിന്നീട് പൊലീസ് ഉദ്യോ​ഗസ്ഥൻ കോൺട്രാക്ടറുമായി നിരന്തരം ബന്ധപ്പെടുകയും പണം നൽകിയാൽ കേസുകളിൽ വിട്ടുവീഴ്ച ചെയ്യാമെന്ന് തെറ്റിദ്ധരിപ്പിച്ച് ഇയാളിൽ നിന്ന് പല തവണ പണം വാങ്ങുകയും ചെയ്തിരുന്നത്. 

ആലുവയിൽ മണ്ണെടുപ്പുമായി ബന്ധപ്പെട്ടാണ് ഇന്ന് കാക്കനാട് വരാൻ പറയുകയും വിജിലൻസിലേക്ക് വിവരം കൈമാറുകയും ചെയ്തത്. വാഹനത്തിൽ വെച്ച് പണം കൈമാറുന്നതിനിടെയാണ് വിജിലൻസ് സംഘം പൊലീസ് ഉദ്യോ​ഗസ്ഥനെ കയ്യോടെ പിടികൂടുന്നത്. തുടർനടപടികൾ പൂർത്തിയാക്കി ഉദ്യോ​ഗസ്ഥനെ കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം. 

മണ്ണെടുപ്പുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയ പൊലീസുകാരൻ വിജിലൻസ് പിടിയിൽ

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates