മോഷണത്തിന് പിന്നിൽ രണ്ടുപേരെന്ന് പൊലീസ്, സിസിടിവി ദൃശ്യങ്ങൾ കിട്ടി

കാസര്‍കോട്: കാഞ്ഞങ്ങാട് വിവിധ ക്ഷേത്രങ്ങളില്‍ കവര്‍ച്ച. ചിലയിടങ്ങളില്‍ കവര്‍ച്ചാ ശ്രമവുമുണ്ടായി. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ വിവിധ ഇടങ്ങളില്‍ നിന്ന് പൊലീസിന് ലഭിച്ചു. കാഞ്ഞങ്ങാട് മാവുങ്കാല്‍ കുതിരക്കരിങ്കാളിയമ്മ ദേവസ്ഥാനത്ത് ഭണ്ഡാരം പൊളിച്ച് പണം കവര്‍ന്നു. പ്രധാന ഭണ്ഡാരം പൊളിക്കാന്‍ നോക്കിയെങ്കിലും സാധിക്കാതെ വന്നതോടെ തൊട്ടടുത്ത ഭണ്ഡാരത്തില്‍ മോഷണം നടത്തുകയായിരുന്നു.

കിഴക്കേവീട് സ്ഥാനത്തെ ഭണ്ഡാരവും പൊളിച്ച് പണം കവര്‍ന്നിട്ടുണ്ട്. രണ്ട് പേരാണ് മോഷ്ടാക്കളെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. വിവിധ സ്ഥലങ്ങളിലെ ക്യാമറകളിൽ പതിഞ്ഞ ഇവരുടെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കുന്നുമ്മല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്തും കവര്‍ച്ച നടത്തിയിട്ടുണ്ട്. ഇവിടെ സിസിടിവി ക്യാമറകൾ നശിപ്പിച്ച ശേഷമായിരുന്നു മോഷണം.

മാവുങ്കാല്‍ കോരച്ചന്‍ തറവാടിലെ ഭണ്ഡാരം തകര്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിക്കാത്തതിനാല്‍ സംഘം പിന്മാറി. ക്ഷേത്രത്തിന് തൊട്ടടുത്ത വീട്ടിലെ ധനേഷിന്‍റെ ഓട്ടോ വീട്ടിലെ പോര്‍ച്ചില്‍ നിന്നും തള്ളി മാറ്റി. കാളന്മാർ ക്ഷേത്രം, കുന്നുമ്മല്‍ വിഷ്ണു നരസിംഹ ക്ഷേത്രം എന്നിവിടങ്ങളിലും മോഷണ ശ്രമമുണ്ടായി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.