ഊരൂട്ടമ്പലത്തു നിന്ന് 2011ല്‍ കാണാതായ വിദ്യയെയും കുഞ്ഞിനെയും തേടിയുള്ള ഏഷ്യാനെറ്റ് ന്യൂസിന്‍റെ അന്വേഷണ  പരമ്പര തുടരുകയാണ്.

തിരുവനന്തപുരം: ഊരൂട്ടമ്പലത്തു നിന്ന് 2011ല്‍ കാണാതായ അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവത്തിൽ തുടക്കം മുതൽ പൊലീസിന്‍റെ ഭാഗത്തിന് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ച. വിദ്യയെ വേളാങ്കണ്ണിയിലേക്ക് കൊണ്ടുപോയെന്നാണ് പങ്കാളി മാഹിൻ കണ്ണ് ബന്ധുക്കളോടും പൊലീസിനോടും പറഞ്ഞത്. എന്നാൽ കാണാതായ ദിവസം മാഹിൻകണ്ണ് പൂവാറിലുണ്ടെന്ന ഫോൺ രേഖകൾ കിട്ടിയിട്ടും പൊലീസ് അനങ്ങിയില്ല.

മാറനല്ലൂരിലെ വീട്ടിൽ നിന്നും വിദ്യയെയും കുഞ്ഞ് ഗൗരിയെയും മാഹിൻകണ്ണ് വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. പോയതിന് പിന്നാലെ വിദ്യയുടെ അമ്മ നിരന്തരം മാഹിൻകണ്ണിനെ വിളിക്കുന്നുണ്ട്. വിദ്യയെയും കുഞ്ഞിനെയും കാണാതായി നാലാം ദിവസം അച്ഛനും അമ്മയും മാറനല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. ഒന്നുമന്വേഷിക്കാതെ നേരെ പൂവാറിലേക്ക് പറഞ്ഞുവിട്ടു. വേളാങ്കണ്ണിയിലെ സുഹൃത്തിൻറെ വീട്ടിൽ വിദ്യയും കുഞ്ഞിനെയും ആക്കിയിട്ടുണ്ടെന്ന് മാഹിൻ കണ്ണ് പൊലീസിനോട് പറഞ്ഞു. 

മൂന്ന് ദിവസത്തിനുള്ളിൽ ഇവരെ കൊണ്ടുവരാമെന്ന് മാഹിൻ കണ്ണ് പറഞ്ഞതോടെ പൂവാർ പൊലീസ് ഇയാളെ വിട്ടയച്ചു. മാഹിൻകണ്ണിനറെ ഫോൺരേഖ പോലും പരിശോധിച്ചില്ല. വർഷങ്ങളായി മാറനല്ലൂർ പൊലീസ് ഉഴപ്പിക്കളഞ്ഞ ഈ കേസിലെ നിർണ്ണായക വിവരങ്ങൾ മൂന്ന് വർഷം മുമ്പ് പൊലീസിന് കിട്ടി. ഐഎസ് റിക്രൂട്ടിംഗിന് കുറിച്ചുള്ള അന്വേഷണത്തിൻറെ ഭാഗമായി കാണാതായവരെ കുറിച്ചുള്ള പരിശോധനയിൽ വിദ്യയുടെ തിരോധന ഫയൽ പൊങ്ങി. നിർണ്ണായക ഫോൺവിവരങ്ങൾ പൊലീസ് കണ്ടെടുത്തു.

വിദ്യയെ കാണാതായ ദിവസം മാഹിൻകണ്ണ് വേളാങ്കണ്ണിയിൽ പോയിട്ടില്ല. 2011 ഓഗസ്റ്റ് 18ന് വൈകീട്ട് 7.15 ന് വിദ്യയുടെ ഫോൺ ചീനിവിളയിൽ വെച്ച് സ്വിച്ച് ഓഫ് ആയി. ആ സമയം മാഹിൻകണ്ണിന്റെ ഫോൺ ബാലാരാമപുരം പരിധിയിലായിരുന്നു. ടവർ ലൊക്കേഷൻ പ്രകാരം അന്ന് രാത്രി മാഹിൻകണ്ണിനറെ ഫോൺ സ്വദേശമായ പൂവാർ പരിധിയിൽ തന്നെ ആയിരുന്നു. ഓഗസ്റ്റ് 18നും 19നും 20 നും പലരോടും നിരന്തരം ഫോണില്‍ സംസാരിച്ച മാഹീന്‍ കണ്ണ് 21 ന് ഫോൺ സ്വിച്ച് ഓഫ് ചെയ്തു. 36 മണിക്കൂറിന് ശേഷം ഫോണ്‍ ഓണാക്കി വിദ്യയുടെ അമ്മയെ വിളിച്ച മാഹീന്‍ കണ്ണ് 10 മിനുട്ട് സംസാരിച്ചു.

Read more: എംഎഡിഎംഎ വിറ്റതിന്റെ 52 പേജുള്ള പറ്റ് പുസ്തകം; കുടുങ്ങാനിരിക്കുന്നത് പെൺകുട്ടികളടക്കം 250-ലധികം 'കസ്റ്റമേഴ്സ്'

2019 ന് ശേഷം സജീവമായി കേസന്വേഷിച്ച പൊലീസ് ഫോൺ വിളി രേഖയുടെ അടിസ്ഥാനത്തിലും മാഹിൻകണ്ണിനെ ചോദ്യം ചെയ്തു. പക്ഷേ എന്നിട്ടും വിദ്യയും കുഞ്ഞും എവിടെയാണെന്ന് മാത്രം മാഹിന്‍കണ്ണ് പറയുന്നില്ല. 2011 ല്‍ കേസ് അന്വേഷണം തന്നെ അട്ടിറിച്ച മാറനെല്ലൂര്‍ പോലീസും പൂവാര്‍ പോലീസും. അമ്മയെയും കുഞ്ഞിനെയും കണ്ടെത്താതെ ഫയല്‍ പൂഴ്ത്തിയതും ഫോണ്‍ വിളി രേഖകള്‍ പോലും പരിശോധിക്കാതെ നടപടി ക്രമം കാറ്റില്‍പ്പറത്തിയതായിരുന്നു അന്നത്തെ പൊലീസ് സംവിധാനം. ഇപ്പോള്‍ അന്വേഷണത്തിൽ സജീവമായ പോലീസിനും പക്ഷേ സത്യം കണ്ടെത്താന്‍ ആകുന്നില്ല.