Asianet News MalayalamAsianet News Malayalam

ഒമ്പത് ദിവസം, കൊല്ലപ്പെട്ടത് 7 പേർ, തൃശ്ശൂർ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാകുന്നോ?

വനിതാ ദന്തഡോക്ടറെ സുഹൃത്ത് കൊലപ്പെടുത്തിയത് മുതലിങ്ങോട്ട് തൃശ്ശൂർ ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയായി കൊലപാതകവും ആക്രമണവും ഒഴിഞ്ഞ ദിവസങ്ങള്‍ കുറവാണ്. എന്താണീ വ‍ർദ്ധിക്കുന്ന കുറ്റകൃത്യങ്ങൾക്ക് പിന്നിൽ? സ്പെഷ്യൽ റിപ്പോർട്ട്. 

seven murders on a row of nine days fear engulfs thrissur
Author
Thrissur, First Published Oct 13, 2020, 9:15 AM IST

തൃശ്ശൂർ: കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ കുറ്റകൃത്യങ്ങളുടെ കൂടി തലസ്ഥാനമാകുകയാണോ? തൃശ്ശൂർ ജില്ലയില്‍ കഴിഞ്ഞ 9 ദിവസത്തിനിടെയുണ്ടായത് കൊലപാതകപരമ്പരകളാണ്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് നേരയുണ്ടായ ആക്രമണവും ഗുണ്ടാസംഘങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടലും ഉള്‍പ്പെടെ 7 പേരാണ് കൊല്ലപ്പെട്ടത്. ഗുണ്ടാ- കഞ്ചാവ് സംഘങ്ങള്‍ ജില്ലയില്‍ പെരുകുന്നതാണ് ഇതിന് കാരണമായി പൊലീസ് ചൂണ്ടിക്കാട്ടുന്നത്. 

വനിതാ ദന്തഡോക്ടറെ സുഹൃത്ത് കൊലപ്പെടുത്തിയത് മുതലിങ്ങോട്ട് തൃശ്ശൂർ ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയായി കൊലപാതകവും ആക്രമണവും ഒഴിഞ്ഞ ദിവസങ്ങള്‍ കുറവാണ്. എന്താണീ വ‍ർദ്ധിക്കുന്ന കുറ്റകൃത്യങ്ങൾക്ക് പിന്നിൽ?

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നത് രാത്രിയാണെങ്കില്‍ അന്തിക്കാട് നിധിലിനെ കൊലപ്പെടുത്തിയത് പട്ടാപ്പകൽ ആള്‍സഞ്ചാരമുളള റോഡിലിട്ടാണ്. പ്രതികള്‍ രക്ഷപ്പെട്ടത് ആ വഴി വന്ന വാഹനത്തിന്‍റെ ഡ്രൈവറെ വടിവാള്‍ കാണിച്ച് ഭയപ്പെടുത്തിയും. 60 വയസ്സുകാരനെ ബന്ധു കുത്തിക്കാലപ്പെടുത്തിയത് പുലര്‍ച്ചെ 6.30-ന്. ഇതിന് പുറമേയാണ് റിമാൻഡ് പ്രതിയുടെ മരണവും. 

കഞ്ചാവ് സംഘങ്ങളും ഗുണ്ടാസംഘങ്ങളും ജില്ലയില്‍ വ്യാപകമാണ്. ഗുണ്ടാസംഘങ്ങൾ തമ്മിലുളള ആക്രമണങ്ങള്‍ മുൻകൂട്ടി അറിഞ്ഞ് പ്രതിരോധിക്കുന്നതിൽ പൊലീസ് സംവിധാനം   പരാജയപ്പെട്ടതിന്‍റെ ഉദാഹരണമാണ് അന്തിക്കാട്ടുണ്ടായത്. നിധില്‍ കൊല്ലപ്പെട്ടത് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഒപ്പിട്ട് മടങ്ങവെയാണ്. സ്ഥിരം കുറ്റവാളികളെ കൃത്യമായി നിരീക്ഷിക്കുന്നതില്‍ വീഴ്ച പറ്റുന്നത് കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത് കൊണ്ടാണെന്നാണ് പൊലീസിന്‍റെ വിശദീകരണം. എക്സൈസും പൊലീസും നൂറുകണക്കിന് കിലോ കഞ്ചാവ് പിടികൂടുന്നുണ്ട്. എന്നാൽ പേരിന് എടുക്കുന്ന നടപടിക്കപ്പുറം ഇത് എങ്ങുമെത്തുന്നില്ല. 
 
കസ്റ്റഡി മരണത്തിന് പിന്നാലെയാണ് ഈ മെല്ലെപ്പോക്ക് സമീപനത്തിലേക്ക് ഉദ്യോഗസ്ഥര്‍ മാറിയത്. ഇതോടെ ഗുണ്ട -കഞ്ചാവ് സംഘങ്ങള്‍ തീരുമാനിക്കുന്ന പോലെയായി കാര്യങ്ങള്‍. തീർന്നില്ല, ഈ ഗുണ്ടാസംഘങ്ങള്‍ക്ക് കൊടിവ്യത്യാസമില്ലാതെ രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണയുമുണ്ട്. കേസില്‍ പെട്ടാലും അഭയം തേടാനും ഒളിച്ചിരിക്കാനും ഈ രാഷ്ട്രീയബന്ധം ഇവര്‍ക്ക് സഹായകമാകുന്നു.

എന്നാൽ, എല്ലാ കേസുകളിലും മണിക്കൂറുകള്‍ക്കകം പ്രതിയെ പിടിക്കാനായെന്നാണ് പൊലീസിന്‍റെ അവകാശവാദം. 90-കളില്‍ ജില്ലയില്‍ സജീവമായിരുന്ന ഗുണ്ടാസംഘങ്ങള്‍ ഏറെക്കാലമായി നിശ്ശബ്ദമായിരുന്നു. എന്നാല്‍ വലിയ ഇടവേളയ്ക്ക് ശേഷം ഇത്തരം സംഘങ്ങള്‍ വീണ്ടും തലപൊക്കുന്നത് ഏറെ ആശങ്കയോടെയാണ് പൊലീസും പൊതുസമൂഹവും കാണുന്നത്.

Follow Us:
Download App:
  • android
  • ios