Asianet News MalayalamAsianet News Malayalam

ദില്ലിയിൽ മലയാളികളുടെ നേതൃത്വത്തില്‍ കോടികളുടെ നിക്ഷേപതട്ടിപ്പ്; പരാതിക്കാരിൽ മലയാളികളും ഉത്തരേന്ത്യക്കാരും

കഴിഞ്ഞ പത്തുവർഷമായി ദില്ലി മയൂർവിഹാറിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കേരള ഗോൾഡ് പാലസ്. കോട്ടയം സ്വദേശി നടേശൻ, തൃശ്യൂർ സ്വദേശി ജോമോൻ എന്നിവർ നടത്തിയിരുന്ന സ്ഥാപനത്തിനെതിരെ ഇപ്പോൾ ഉയരുന്നത് ഗുരുതര പരാതികളാണ്. നിക്ഷേപം, ചിട്ടി, പഴയ സ്വർണ്ണത്തിന് പുതിയ സ്വർണ്ണം അടക്കം വിവിധ പദ്ധതികളിൽ പണം നൽകി നഷ്ടമായെന്ന് പരാതിക്കാർ ആരോപിക്കുന്നത്.

several crore worth gold investment fraud in delhi by two malayali lead kerala gold palace Jewellery
Author
First Published Jan 15, 2023, 8:03 AM IST

ദില്ലി: ദില്ലിയിൽ കോടികളുടെ നിക്ഷേപതട്ടിപ്പ്. മലയാളികൾ നടത്തിപ്പുകാരായ കേരള ഗോൾഡ് പാലസ് ജൂവലറിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്നാണ് പരാതി.  മലയാളികളും ഉത്തരേന്ത്യക്കാരും അടക്കമുള്ളവര്‍ക്കാണ് സ്വർണ്ണ നിക്ഷേപത്തിൽ അടക്കം പണം നഷ്ടമായത്. പരാതികൾ അന്വേഷണത്തിനായി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറിയിരിക്കുകയാണ് ദില്ലി പൊലീസ്. 

കഴിഞ്ഞ പത്തുവർഷമായി ദില്ലി മയൂർവിഹാറിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കേരള ഗോൾഡ് പാലസ്. കോട്ടയം സ്വദേശി നടേശൻ, തൃശ്യൂർ സ്വദേശി ജോമോൻ എന്നിവർ നടത്തിയിരുന്ന സ്ഥാപനത്തിനെതിരെ ഇപ്പോൾ ഉയരുന്നത് ഗുരുതരപരാതികളാണ്. നിക്ഷേപം, ചിട്ടി, പഴയ സ്വർണ്ണത്തിന് പുതിയ സ്വർണ്ണം അടക്കം വിവിധ പദ്ധതികളിൽ പണം നൽകി നഷ്ടമായെന്ന് പരാതിക്കാർ ആരോപിക്കുന്നത്.

കഴിഞ്ഞ മൂപ്പത്തിരണ്ട് വർഷമായി ദില്ലിയിൽ താമസിക്കുന്ന വത്സമ്മ ജോസ് കൊച്ചുമകന് വേണ്ടിയാണ് പുതിയ സ്വർണ്ണത്തിനായി പഴയ സ്വർണ്ണവും പണവും നൽകിയത്. ദിനം പ്രതി രണ്ടായിരം രൂപയാണ് പലിശ പറഞ്ഞിരുന്നത്. നേരത്തെ നടത്തിയ ഇടപാടുകൾ കൃത്യമായതോടെ നടത്തിപ്പുകാരെ വിശ്വാസമായി. പിന്നീട് പണം വാങ്ങിയതിന്  പലിശ കിട്ടാതെയായി ചോദിക്കുമ്പോൾ ഇടപാടുകാര്‍ ഒഴിഞ്ഞുമാറി തുടങ്ങിയെന്ന് പണം നഷ്ടപ്പെട്ടവരില്‍ ഒരാളായ വത്സമ്മ പറയുന്നു. രണ്ടായിരം രൂപ ദിവസ പലിശ നൽകാമെന്ന് വാഗ്ദാനത്തിൽ വീണ ദില്ലി സ്വദേശിയായ യുവതിക്ക് പന്ത്രണ്ട് ലക്ഷം രൂപയാണ് നഷ്ടമായത്. 

മയൂർവീഹാർ പൊലീസ് സ്റ്റേഷൻ, പാണ്ഡവ നഗർ പൊലീസ് സ്റ്റേഷൻ തുടങ്ങി വിവിധയിടങ്ങളിലായി പണം നഷ്ടമായവർ പരാതി നൽകിയിട്ടുണ്ട്. മയൂർ വിഹാറിലെ പരാതി നിലവിൽ ദില്ലി പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറി. ആറു കോടി രൂപയുടെ തട്ടിപ്പെന്നാണ് പ്രാഥമിക നിഗമനം. ദിനം പ്രതി കൂടുതൽ പരാതികൾ ലഭിക്കുന്നതായും പൊലീസ് വ്യക്തമാക്കുന്നു. പ്രതികരണത്തിനായി സ്ഥാപന ഉടമകളെ ബന്ധപ്പെട്ടെങ്കിലും ഫോണുകൾ സ്വിച്ച് ഓഫായ നിലയിലാണ്. 

Follow Us:
Download App:
  • android
  • ios