Sexual Abuse In KSRTC : യുവതിയെ വേദനിപ്പിച്ചത് കണ്ടക്ടറുടെ പ്രകോപനവും മറ്റു യാത്രക്കാരുടെ നിസ്സഹകരണവും
ഏറെ സുരക്ഷിത ബോധത്തിൽ യാത്ര ചെയ്യുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരനിൽ നിന്നാണ് ദുരനുഭവം.

തിരുവനനന്തപുരം: ലൈംഗികാതിക്രമത്തിനേക്കാളും ,കണ്ടക്ടറുടെ പ്രകോപനവും മറ്റു യാത്രക്കാരുടെ നിസ്സഹകരണവുമാണ് യുവതിയെ വേദനിപ്പിച്ചത്. കെഎസ്ആര്‍ടിസി ബസിനകത്ത് (KSRTC Bus) വച്ച് പ്രതികരിച്ചിട്ടും കൂടെ നിൽക്കാനോ സാന്ത്വനിപ്പിക്കാനോ ആരും തയ്യാറായില്ലെന്ന് യുവതി. വീഴ്ചയുണ്ടായെന്നും യുവതിയോട് മാപ്പ് ചോദിക്കുന്നതായും കണ്ടക്ടർ ജാഫർ ഏഷ്യാനെറ്റ് ന്യൂസിലൂടെ വ്യക്തമാക്കി. അന്വേഷണം നടത്തുമെന്നും ജീവനക്കാരുടെ ഉത്തരവാദിത്വം വ്യക്തമാക്കി വീണ്ടും സർക്കുലർ നൽകുമെന്നും മന്ത്രി ആന്റണി രാജു പ്രതികരിച്ചു.
ഏറെ സുരക്ഷിത ബോധത്തിൽ യാത്ര ചെയ്യുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരനിൽ നിന്നാണ് ദുരനുഭവം. ലൈംഗികാതിക്രമം ഉണ്ടായ ഉടൻ യുവതി പ്രതികരിച്ചെങ്കിലും പ്രശ്നത്തിൽ ഇടപെടനോ നടപടിയെടുക്കാനോ കണ്ടക്ടർ തയ്യാറായില്ല. ബസ് ജീവനക്കാരനിൽ നിന്നുള്ള നിഷേധാത്മക നിലപാടും സഹയാത്രക്കാരുടെ നിസ്സഹകരണവും കൂടുതൽ വേദനിപ്പിച്ചെന്ന് യുവതി.
വാർത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ട ഉടനെ ഗതാഗത മന്ത്രി സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. കെ.എസ്.ആർ.ടി.സി എംഡിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായും മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ കണ്ടക്ടർ ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിൽ നടപടി ഉണ്ടാകും, കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഉത്തരവാദിത്വങ്ങൾ വ്യക്തമാക്കി വീണ്ടും സർക്കുലർ ഇറക്കുമെന്നും മന്ത്രി പറഞ്ഞു.
അതേ സമയം കെഎസ്ആർടിസി ബസിൽ അധ്യാപികയ്ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ ഇടപെടാതിരുന്നതില്‍ തെറ്റ് സമ്മതിച്ച് കണ്ടക്ടര്‍. തുടക്കത്തില്‍ ഇടപെടാതിരുന്നത് തെറ്റായിപ്പോയെന്ന് കണ്ടക്ടര്‍ ജാഫര്‍ പ്രതികരിച്ചു. അക്രമിച്ചു എന്ന പറയുന്ന ആള്‍ മാപ്പ് പറയുകയും സീറ്റ് മാറി ഇരിക്കുകയും ചെയ്തു. വിഷയം അവസാനിച്ചു എന്ന് കരുതിയാണ് ഇടപെടാണ്ടിരുന്നത്. ആദ്യം തന്നെ ഇടപെടാതിരുന്നത് തെറ്റായി പോയി. വലിയ വിഷയമായി എടുക്കാത്തത് തന്‍റെ തെറ്റാണ്. മയക്കത്തിലായിരുന്നുവെന്നും യാത്രക്കാരിക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നുവെന്നും ജാഫര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം, ബസ് കണ്ടക്ടർക്കെതിരെ നടപടിയുണ്ടാകുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പ്രതികരിച്ചു. ബസ് ജീവനക്കാർക്കും യാത്രക്കാർക്കും സ്ത്രീ സുരക്ഷയെ കുറിച്ച് ധാരണയില്ലാതിരുന്നത് ദുഖകരമാണ്. പരാതിക്കാരിക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും, നീതി ലഭ്യമാക്കുമെന്നും പി സതീദേവി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.