കൂടൽ ഓർത്തഡോക്സ് വലിയപള്ളി വികാരി പോണ്ട്സൺ ജോൺ ആണ് വ്യാഴാഴ്ച രാവിലെയാണ് അറസ്റ്റിലായത്.
പത്തനംതിട്ട: ലൈംഗികാതിക്രമക്കേസിൽ (Sexual Assault Case) പ്രതിയായ വൈദികൻ പോണ്ട്സൺ ജോണിനെതിരെ (Pondson John) ഓർത്തഡോക്സ് സഭ നടപടി. വൈദികനെ ശുശ്രൂഷകളിൽ നിന്നും മറ്റ് ചുമതലകളിൽ നിന്നും മാറ്റി. ഓർത്തഡോക്സ് സഭ അടൂർ കടമ്പനാട് ഭദ്രാസനം മെത്രാപൊലീത്ത സഖറിയാസ് മാർ അപ്രേം ആണ് നടപടി എടുത്തു ഉത്തരവിറക്കിയത്. അതേസമയം പ്രതി പോണ്ട്സൺ ജോണിനെ റിമാൻഡ് ചെയ്തു.
കൂടൽ ഓർത്തഡോക്സ് വലിയപള്ളി വികാരി പോണ്ട്സൺ ജോൺ ആണ് വ്യാഴാഴ്ച രാവിലെയാണ് അറസ്റ്റിലായത്. കൗൺസിലിംഗിന് എത്തിയ പെൺകുട്ടിയെ വൈദികൻ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി. ഇക്കഴിഞ്ഞ 12, 13 തീയതികളിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വൈദികൻ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്.
സ്വകാര്യ സ്കൂളിലെ ഹോസ്റ്റലിൽ കഴിഞ്ഞിരുന്ന പെൺകുട്ടി പഠനത്തിൽ ശ്രദ്ധിക്കാതിരുന്നതിനെ തുടർന്ന് അമ്മയാണ് വൈദികന്റെ അടുത്ത് കൗൺസിലിങ്ങിന് എത്തിച്ചത്. ആദ്യദിവസം വൈദികന്റെ വീട്ടിൽ വച്ചും രണ്ടാം തവണ പെൺകുട്ടിയുടെ വീട്ടിൽ വെച്ചും പ്രതി കുട്ടിയെ കടന്നുപിടിക്കുകയും സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തുവെന്നാണ് പരാതി. എതിർക്കാൻ ശ്രമിച്ച പെൺകുട്ടിയോട് പ്രാർത്ഥനയുടെ ഭാഗമാണെന്നും സഹകരിക്കണമെന്നും പ്രതി പറഞ്ഞതായും കുട്ടി മൊഴി നൽകി.
നടന്ന സംഭവങ്ങൾ തൊട്ടടുത്ത ദിവസം പെൺകുട്ടി സുഹൃത്തിനെ അറിയിച്ചു. പിന്നീട് അധ്യാപിക വഴി ചെൽഡ്‍ലൈനെ സമീപിച്ച് പോലീസിൽ പരാതി നൽകി. പത്തനംതിട്ട വനിത പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇന്ന് പുലർച്ചെ കൊടുമൺ ഐക്കാടുള്ള വീട്ടിൽ നിന്നാണ് വൈദികനെ കസ്റ്റഡിയിലെടുത്തത്.
പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിക്കെതിരെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി. വൈദികവൃത്തിക്കൊപ്പം ഏറെ നാളായി കൗൺസിലിങ്ങ് നടത്തുന്നയാളാണ് പോണ്ട്സൺ ജോൺ. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കാണ് പ്രധാനമായും കൗൺസിലിങ്ങ് കൊടുക്കുന്നത്. പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.
പത്തനംതിട്ട കൂടലിൽ കൗൺസിലിംഗിന് എത്തിയ പെൺകുട്ടിക്ക് നേരെയാണ് വൈദികന്‍ ലൈംഗിക അതിക്രമം കാണിച്ചത്. പെൺകുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പൊലീസ് കേസ് എടുത്തത്. ഇന്ന് പുലർച്ചെ വൈദികനെ വീട്ടിൽ നിന്നാണ് പത്തനംതിട്ട വനിത പൊലീസ് കസ്റ്റഡിയിലെടുത്തത്. 17 വയസുള്ള പെൺകുട്ടിയോട് ആയിരുന്നു വൈദികന്‍റെ അതിക്രമം.

24 മണിക്കൂറിനിടെ രണ്ട് ബലാത്സംഗക്കേസിലെ പ്രതികളെ വെടിവച്ച് കൊന്ന് അസം പൊലീസ്
24 മണിക്കൂറിനിടെ രണ്ട് ബലാത്സംഗക്കേസിലെ (Rape Case) പ്രതികളെ വെടിവച്ച് കൊന്ന് അസം പൊലീസ് (Assam Police). ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ബുധനാഴ്ച അസം പൊലീസ് വെടിവച്ച് കൊന്നു. മജ്ബത്തിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതി രാജേഷ് മുണ്ട (38) കൊല്ലപ്പെട്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രതിയെ രക്ഷിക്കാനായില്ലെന്നും പൊലീസ് വ്യക്തമാക്കി. ഉദൽഗുരി ജില്ലയിൽ ബുധനാഴ്ച പുലർച്ചെയാണ് പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടത്.
''ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ മാർച്ച് 10ന് ഞങ്ങൾ കേസെടുത്തിരുന്നു. ഞങ്ങളുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയായ രാജേഷ് മുണ്ടയെ ചൊവ്വാഴ്ച ബൈഹാത ചാരിയാലിയിലെ ഒരു ഫാക്ടറിയിൽ നിന്ന് പിടികൂടി,” ഉദൽഗുരിയിലെ അഡീഷണൽ പൊലീസ് സൂപ്രണ്ട് ബിദ്യുത് ദാസ് ബോറോ പറഞ്ഞു.
''ബുധനാഴ്ച പുലർച്ചെ 2.30 ഓടെ കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. ഓടി രക്ഷപ്പെടുന്നത് തടയാൻ പൊലീസ് സംഘം വെടിയുതിർത്തു, അതിൽ പ്രതിക്ക് പരിക്കേറ്റു. പ്രതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെവച്ച് അയാൾ മരിച്ചതായി സ്ഥിരീകരിച്ചു'' - അഡീഷണൽ പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഇത്തരത്തിൽ രണ്ടാം തവണയാണ് ബലാത്സംഗക്കേസ് പ്രതി മരിക്കുന്നത്. ചൊവ്വാഴ്ച രാത്രി, പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ബിക്കി അലി ഗുവാഹത്തി പൊലീസ് നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു.
പത്താം ക്ലാസുകാരിയായ പെൺകുട്ടിയെ ബിക്കിയും നാല് സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാൽസംഗം ചെയ്യുകയായിരുന്നു. ആദ്യം പ്രതി പെൺകുട്ടിയെ പ്രണയം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. പിന്നീട് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കും എന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി സുഹൃത്തുക്കളുമായി ചേർന്ന് കൂട്ടബലാൽസംഗം ചെയ്തു. ഇതോടെ പെൺകുട്ടി സംഭവം വീട്ടിൽ പറയുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.
