കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കെഎസ്ആർടിസി ബസിൽ വെച്ച് ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ പ്രതിക്ക് മൂന്നുവർഷം തടവും 20,000 രൂപ പിഴയും ശിക്ഷ. ബാലുശ്ശേരി വാകയാട് അവിടനല്ലൂർ സ്വദേശി ഷാജുവിനെയാണ് കൽപ്പറ്റ പോക്സോ കോടതി ശിക്ഷിച്ചത്. 2016 സെപ്റ്റംബർ 18-നായിരുന്നു ബസിലെ അതിക്രമം.

വയനാട് സ്വദേശിനിയായ പെൺകുട്ടി വലിയമ്മയോടൊപ്പം കെഎസ്ആർടിസി ബസിൽ വയനാട്ടിലേക്ക് വരികയായിരുന്നു.താമരശ്ശേരിയിൽ നിന്ന് ബസിൽ കയറിയ പ്രതി നിന്ന് യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയായിരുന്നു.

സംഭവത്തിന് സഹയാത്രികരായ ഒട്ടേറെപ്പേർ ദൃക്സാക്ഷികൾ ആയിരുന്നു. ബസ് വൈത്തിരിയിൽ എത്തിയപ്പോൾ വൈത്തിരി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വിചാരണക്കിടെ ഇരയായ പെൺകുട്ടി മൊഴി മാറ്റിയെങ്കിലും സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ കോടതി ശിക്ഷിക്കുകയായിരുന്നു.