ലക്‌നൗ:  ഉത്തര്‍പ്രദേശിലെ ബാല്ലിയ ജില്ലയിലെ ബിജെപി നേതാവിന്റെ മകന്റെ പിറന്നാള്‍ ആഘോഷത്തിനിടെ ഗായകന് വെടിയേറ്റു. പിറന്നാള്‍ ആഘോഷം കൊഴിപ്പിക്കാന്‍ വെടിവെച്ചത് ഗായകന് ഏല്‍ക്കുകയായിരുന്നു. രണ്ട് തവണയാണ് ഇയാള്‍ക്ക് വെടിയേറ്റത്. എന്നാല്‍ ഇയാളുടെ നില ഗുരുതരമാണ്. ആഘോഷങ്ങള്‍ക്ക് പാടാനെത്തിയ ബോജ്പുരി ഗായകന്‍ ഗോലു രാജ സ്‌റ്റേജില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് വെടിയേറ്റത്. 

ബാല്ലിയയിലെ മഹാകല്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ബിജെപിയുടെ യുവ സംഘടനയായ ഭാരതീയജനതാ യുവമോര്‍ച്ചയുടെ ജില്ലാ വൈസ് പ്രസിഡന്റ് ഭാനു ദുബെയുടെ വീട്ടിലായിരുന്നു ആഘോഷം. ഭാനു ദുബെയുടെ മകന്റ് പിറന്നാള്‍ ആഘോഷം കൊഴുപ്പിക്കാനാണ് വെടിയുതിര്‍ത്തത്.

ഏഴോ എട്ടോ പേര്‍ അവരുടെ തോക്കുകളില്‍ നിന്ന് വെടിയുതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. ഒരു വെടിയുണ്ട രാജയുടെ വയറ്റില്‍ നിന്നും മറ്റൊന്ന് കയ്യില്‍ നിന്നുമാണ് പുറത്തെടുത്തത്. ആരാണ് ഇായളെ വെടിവച്ചതെന്ന് പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.