Asianet News MalayalamAsianet News Malayalam

സിസ്റ്റര്‍ അഭയ കേസ്: ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും വിചാരണ നേരിടണം

രണ്ടാംപ്രതി ഫാദര്‍ ജോസ് പുതൃക്കയിലിനെ വെറുതെവിട്ട നടപടി കോടതി ശരിവച്ചു. ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും  നൽകിയ റിവിഷൻ ഹർജി കോടതി തള്ളി. 

sister abhaya case thomas kottoor and sister sefi must face trail orders court
Author
Kochi, First Published Apr 9, 2019, 10:53 AM IST

കൊച്ചി: സിസ്റ്റർ അഭയക്കേസിലെ പ്രതികൾക്ക് തിരിച്ചടി. പ്രതികളായ ഫാദർ തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. രണ്ടാംപ്രതി ഫാദർ ജോസ് പൂതൃക്കയിലിനെ വെറുതെ വിട്ട നടപടി സിംഗിൾ ബെഞ്ച് ശരിവെച്ചു. നാലാം പ്രതി കെ ടി മൈക്കിളിനേയും പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി.

സിസ്റ്റർ അഭയ കേസിൽ ഒന്നും മൂന്നും പ്രതികളായ ഫാദർ തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ വിചാരണ നേരിടണമെന്നായിരുന്നു തിരുവനന്തപുരം സിബിഐ കോടതിയുടെ മുൻ ഉത്തരവ്. ഇത് ചോദ്യം ചെയ്ത് ഇരുപ്രതികളും നൽകിയ റിവിഷൻ ഹർ‍ജിയാണ് ഹൈക്കോടതി തളളിയത്. പ്രതി സ്ഥാനത്തുനിന്ന് ഒഴിവാക്കേണ്ട പ്രത്യേക സാഹചര്യമോ തെളിവുകളുടെ അഭാവമോ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മാത്രവുമല്ല പ്രതികൾക്കെതിരെ തങ്ങൾ സമർപ്പിച്ച ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ അടക്കമുളള തെളിവുകൾ ശക്തമാണെന്ന് സിബിഐ നിലപാടെടുത്തു. 

ഇതോടെയാണ് കോട്ടയത്തെ പയസ് ടെൻത് കോൺവെന്‍റിൽ വെച്ച് സിസ്റ്റർ അഭയയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം കിണറ്റിൽ തളളി എന്ന കുറ്റത്തിന് ഫാദർ തോമസ് എം കോട്ടൂരും സിസ്റ്റർ സെഫിയും വിചാരണ നേരിടണമെന്ന് ഹൈക്കോടതി നി‍ർദേശിച്ചത്. എന്നാൽ രണ്ടാം പ്രതി ഫാദർ ജോസ് പൂതൃക്കയിലിനെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയ വിചാരണകോടതിയുടെ നടപടി ചോദ്യം ചെയ്ത് പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കലായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ വിചാരണക്കോടതിയുടെ ഈ ഉത്തരവും കണ്ടെത്തലുകളും സിംഗിൾ ബെഞ്ച് ശരിവെച്ചു. 

അന്വേഷണത്തിനിടെ കേസിലെ തെളിവുകൾ നശിപ്പിച്ചെന്നും ഇതിനായി ഗൂഡാലോചന നടത്തിയെന്നും ആരോപിച്ചായിരുന്നു മുൻ ക്രൈംബ്രാഞ്ച് എസ് പി കെ ടി മൈക്കിളിനെ സിബിഐ നാലാം പ്രതിയാക്കിയത്. എന്നാൽ പ്രതിചേർക്കാൻ തക്ക ശക്തമായ തെളിവുകൾ നിലവിൽ ഇദ്ദേഹത്തിനെതിരെയില്ല എന്ന കണ്ടെത്തലിലാണ് പ്രതിസ്ഥാനത്തുനിന്ന് കെ ടി മൈക്കിളിനെ ഒഴിവാക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ വിചാരണ വേളയിൽ ശക്തമായ തെളിവുകൾ ലഭിച്ചാൽ പ്രതിചേർക്കാൻ തടസമില്ലെന്നും കോടതി വ്യക്തമാക്കി. പ്രതികൾ നൽകിയ നിരവധി ഹർജികളെത്തുടർന്ന് അറസ്റ്റിലായ പത്തുവർ‍ഷത്തിനുശേഷവും കേസിന്‍റെ വിചാരണ തുടങ്ങാനായിട്ടില്ല. 

Follow Us:
Download App:
  • android
  • ios