മലപ്പുറത്ത് ദേശീയപാതയില്‍ മര്‍ദ്ദനത്തിന് ഇരയായ സഹോദരിമാര്‍ പെരിന്തൽമണ്ണ മജിസ്ട്രേറ്റിന് മുന്‍പാകെ മൊഴി നല്‍കി
മലപ്പുറം: മലപ്പുറത്ത് ദേശീയപാതയില്‍ മര്‍ദ്ദനത്തിന് ഇരയായ സഹോദരിമാര്‍ പെരിന്തൽമണ്ണ മജിസ്ട്രേറ്റിന് മുന്‍പാകെ മൊഴി നല്‍കി. ഇപ്പോഴും പല ഭാഗത്തു നിന്നും സൈബർ ആക്രമണം നടക്കുന്നുണ്ടെന്ന് സഹോദരിമായ അസ്നയും, ഹംനയും പറഞ്ഞു. തേഞ്ഞിപ്പലം പാണമ്പ്രയില്‍ അപകടകരമായ ഡ്രൈവിങ് ചോദ്യം ചെയ്തതിന് യുവാവ് മര്‍ദിച്ച സംഭവത്തിലാണ് പെരിന്തല്‍മണ്ണ മജിസ്ട്രേറ്റിന് മുന്‍പാകെ സഹോദരിമാര്‍ മൊഴിനല്‍കിയത്.
തിരൂരങ്ങാടി ചന്തപ്പടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീറിനെതിരെയാണ് മൊഴി. നിയമ വ്യവസ്ഥയിൽ പൂർണ്ണ വിശ്വാസം ഉണ്ടെന്ന് പെൺകുട്ടികൾ പറഞ്ഞു. കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി അടുത്തമാസം മുപ്പതിന് വിശദ വാദം കേള്‍ക്കും. കേസില്‍ സഹോദരിമാരും കക്ഷി ചേര്‍ന്നിരുന്നു. സൈബര്‍ ആക്രമണക്കേസില്‍ പരപ്പനങ്ങാടി കോടതിയും അടുത്ത ദിവസം മൊഴി രേഖപ്പെടുത്തും. കഴിഞ്ഞമാസം പതിനാറിനാണ് നടുറോഡില്‍ യുവതികൾക്ക് മര്‍ദനമേറ്റത്.
'ചായ കുടിക്കാത്ത ഷഹാന രണ്ട് കപ്പ് ചായ ഉണ്ടാക്കി', ദുരൂഹത; മറ്റാരോ വന്നതായി സംശയമെന്ന് സഹോദരന്‍
കോഴിക്കോട്: മോഡല്‍ ഷഹാനയുടെ മരണം (Model Shahana Death) ആത്മഹത്യയല്ലെന്ന് (Suicide) സഹോദരൻ ബിലാൽ (Brother Bilal). ചായ കുടിക്കാത്ത ഷഹാന രണ്ട് കപ്പ് ചായ ഉണ്ടാക്കി വച്ചത് സംശയം ഉണ്ടാക്കുന്നുവെന്ന് ബിലാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഭർത്താവ് സജാദിനെ കൂടാതെ മറ്റാരോ പറമ്പിൽ ബസാറിലെ വീട്ടിൽ എത്തിയിരുന്നെന്ന് സംശയിക്കുന്നു. ഫോറൻസിക് ഫലം വന്നതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ബിലാൽ പറഞ്ഞു.
അതേസമയം, മോഡൽ ഷഹാനയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കുടുംബാംഗങ്ങളുടെ മൊഴി എടുത്തു. മോഡൽ ഷഹാനയുടെ മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടുണ്ടെങ്കിലും അന്വേഷണ സംഘം അന്തിമ നിഗമനത്തിൽ എത്തിയിട്ടില്ല. ഫോറൻസിക് റിപ്പോർട്ടും വരാനുണ്ട്.
ഇനി സുഹൃത്തുകളുടേയും മൊഴി എടുക്കാനുണ്ടെന്നും എ സി പി കെ.സുദർശൻ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ ഫോറൻസിക് ഫലം പ്രതീക്ഷിക്കുന്നുണ്ട്. ഷഹാനയുടെത് ആത്മഹത്യയെന്നായിരുന്നു പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ടിലെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ ഭർത്താവ് സജാദിനെതിരെ ആരോപണങ്ങളുമായി ഷഹാനയുടെ കുടുംബാംഗങ്ങൾ രംഗത്തെത്തിയതോടെയാണ് പൊലീസ് ശാസ്ത്രീയ പരിശോധന നടത്തിയത്.
