കോഴിക്കോട്: വെള്ളിമാടുകുന്നിലെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ പാര്‍പ്പിക്കുന്ന കേന്ദ്രത്തില്‍ ആറുവയസുകാരന്‍‍ മരിച്ച സംഭവം കോലപാതകമെന്നുറപ്പിച്ച് പൊലീസ്. കുറ്റക്കാരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. കുട്ടിയെ പരിചരിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന് സാമൂഹ്യനീതിവകുപ്പും കണ്ടെത്തി.

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ പാര്‍പ്പിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്നിലെ എച്ച്എംഡിസിയിലെ അന്തേവാസിയായ ബാലനെ ശനിയാഴ്ച്ച പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ കാണുന്നത്. ഓട്ടിസം ബാധിച്ച കുട്ടിയെ വിളിച്ചുണര്‍ത്താനെത്തിയ ജീവനക്കാര്‍ വിവരം പൊലീസിലറിയിച്ചു. പരിശോധനയില്‍ തലക്കും നെഞ്ചിലും പരിക്കേറ്റിട്ടുണ്ടെന്ന്കണ്ടെത്തിയതോടെ അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം തലക്കേറ്റ പരിക്കെന്ന് വ്യക്തമായതോടെയാണ് കൊലപാതകമെന്ന നിഗമനത്തിലെത്തുന്നത്. കുട്ടിക്കോപ്പം മുറിയിലുണ്ടായിരുന്ന മറ്റുകുട്ടികളെ മാനസികാരോഗ്യ വിദഗ്ദരായ ഡോക്ടര്‍മാരുടെ സഹായത്തോടെ പൊലീസ് ചോദ്യം ചെയ്തു. കുട്ടികള്‍ തമ്മില്‍ വഴക്കും ഉന്തും തള്ളുമുണ്ടായിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. 

ഈ ഉന്തും തള്ളിനുമിടയില്‍ പരിക്കേറ്റതാണോ മരണകാരണമെന്ന സംശയത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. മരണത്തില്‍ ജീവനക്കാരായ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന സംശയവും അന്വേഷണ ഉദ്യോഗസ്ഥര‍്ക്കുണ്ട്. സ്ഥിരീകരിക്കാന്‍ കുട്ടികളെയും ജീവനക്കാരെയും വരും ദിവസങ്ങളില്‍ വീണ്ടും ചോദ്യം ചെയ്യും. ഇതിനിടെ സംഭവത്തില്‍ എച്ച് എം ഡി സി ജീവനക്കാര‍്ക്ക് വീഴ്ച്ച സംഭവിച്ചുവെന്ന് സാമൂഹ്യനിതിവകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്..

ആറുവയസുകാരന്‍ മുതല്‍ 18 വയസുകാരന്‍വരെ ഒരെ മുറിയില്‍ പാര്‍പ്പിച്ചത് ഗുരതര വീഴ്ച്ചയെന്നാണ് സാമൂഹ്യനിവിവകുപ്പോഫിസറുടെ കണ്ടെത്തല്‍. ഈ റിപ്പോര്ട്ട് ജില്ലാ സാമൂഹ്യനിതീവകുപ്പോഫീസര്‍ സംസ്ഥാന സാമൂഹ്യനിതിവകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചു.