പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കർണാടക സ്വദേശിക്ക് ആറ് വർഷം കഠിനതടവും 60,000 രൂപ പിഴയും. അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്.

അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ആറ് വർഷം കഠിനതടവും 60,000 രൂപ പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. കർണാടകയിലെ കോളാർ സ്വദേശിയായ പാർത്ഥസാരഥിക്ക് (48) ആണ് കോടതി ശിക്ഷ വിധിച്ചത്. അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജ് മഞ്ജിത്ത് ടി ആണ് ശിക്ഷ വിധിച്ചത്. ഭാരതീയ ന്യായസംഹിത പ്രകാരവും പോക്സോ വകുപ്പ് പ്രകാരവും കുറ്റക്കാരൻ എന്ന് കണ്ടെത്തിയാണ് കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്.

കഴിഞ്ഞ വർഷമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അതിജീവിതയുടെ വീട്ടിലെ കിണറ്റിൽ നിന്നും വെള്ളം കോരാൻ വന്ന പ്രതി പീഡിപ്പിച്ചെന്നാണ് കേസ്. കീഴ്‌വയ്പൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻ ഗോപിനാഥ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത കേസിൽ, സബ് ഇൻസ്പെക്ടർ സതീഷ് ശേഖർ ആണ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 12 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ പി ഹാജരായി. കോടതി നടപടികൾ കോർട്ട് ലൈസൻ ഓഫീസർ ദീപാ കുമാരി ഏകോപിപ്പിച്ചു. പിഴ തുക അതിജീവിതയ്ക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി.