സംസ്ഥാനത്ത് തുടർക്കഥയായി സ്വർണ്ണക്കടത്ത്. ഇറച്ചിവെട്ടുയന്ത്രത്തിനുള്ളില്‍ വെച്ച് നെടുമ്പാശേരി വിമാനത്താവളത്തിലൂടെ കടത്താന്‍  ശ്രമിച്ച സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി.  

കൊച്ചി: സംസ്ഥാനത്ത് തുടർക്കഥയായി സ്വർണ്ണക്കടത്ത്. ഇറച്ചിവെട്ടുയന്ത്രത്തിനുള്ളില്‍ വെച്ച് നെടുമ്പാശേരി വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. 232 ഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. യന്ത്രം ഇറക്കുമതി ചെയ്ത തുരുത്തുമ്മേല്‍ എന്‍റര്‍ പ്രൈസസ് എരണാകുളത്തിനെതിരെ കസ്റ്റംസ് അന്വേഷണം തുടങ്ങി.

അതേസമയം കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. 850 ഗ്രാം സ്വർണവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ആസിഫാണ് പിടിയിലായത്. കഴിഞ്ഞ ആഴ്ച മാത്രം നിരവധി സ്വർണക്കടത്തുകളാണ് ഇത്തരത്തിൽ പിടിക്കപ്പെടുന്നത്. അടുത്തിടെ കസ്റ്റംസ് പരിശോധന കഴിഞ്ഞെത്തിയ ആളുകളിൽ നിന്ന് പൊലീസ് സ്വർണ്ണം പിടിച്ച വാർത്തയും പുറത്തുവന്നിരുന്നു.

ഇന്നലെ കരിപ്പൂർ അന്താരാഷ്ട്ര വിമാന താവളത്തിൽ വൻ സ്വർണ വേട്ട നടന്നിരുന്നു. നാല് യാത്രക്കാരിൽ നിന്ന് മൂന്നേമുക്കാൽ കിലോ സ്വർണമാണ് പിടികൂടിയത്. മലപ്പുറം കൂരിയാട് സ്വദേശി മുജീബ് റഹ്മാൻ, നിലമ്പൂർ അമരമ്പലം സ്വദേശി സക്കീർ പുലത്ത്, വയനാട് അമ്പലവയൽ സ സ്വദേശി മുഹമ്മദ് ഫൈസൽ, മഞ്ചേരി പുൽപ്പറ്റ സ്വദേശി പി.സി. ഫൈസൽ എന്നിവരാണ് കസ്റ്റംസ് പിടിയിലായത്. 

അബുദാബി, ബഹ്റിൻ, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് കോഴിക്കോടെത്തിയതാണ് നാല് പേരും. ശരീരത്തില്‍ ഒളിപ്പിച്ചാണ് നാലുപേരും സ്വര്‍ണം കൊണ്ടുവന്നത്. വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ സംശയം തോന്നി കസ്റ്റംസ് വിഭാഗം പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.

വിഗ്ഗിനടിയില്‍ 30 ലക്ഷത്തിന്റെ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമം; യാത്രക്കാരന്‍ പിടിയില്‍, വീഡിയോ

ദില്ലി: തലയിലെ വിഗ്ഗിനടിയില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. അബുദാബിയില്‍ നിന്ന് ദില്ലി വിമാനത്താവളത്തിലേക്ക് യാത്ര ചെയ്തയാളെയാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. 

30 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്. തലമുടിയുടെ മുന്‍ഭാഗത്ത് കഷണ്ടി രൂപത്തില്‍ വടിച്ച ശേഷം ഉരുക്കിയ സ്വര്‍ണം ഒട്ടിച്ച് അതിന് മുകളില്‍ വിഗ്ഗ് വെച്ചായിരുന്നു യാത്രക്കാരന്‍ എത്തിയത്. അബുദാബിയില്‍ നിന്ന് ദില്ലിയിലെത്തിയ യാത്രക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ദേഹ പരിശോധന നടത്തുകയായിരുന്നു. 630 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. ഒരു പാക്കറ്റ് സ്വര്‍ണം വിഗ്ഗിനടിയിലും മറ്റ് രണ്ട് പാക്കറ്റുകള്‍ മലാശയത്തില്‍ വെച്ചുമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.