മാവേലിക്കര: പട്ടാപ്പകൽ ഒരു പൊലീസുകാരിയെ മറ്റൊരു പൊലീസുകാരൻ വഴിയിലിട്ട് വെട്ടി പെട്രോളൊഴിച്ച് കത്തിച്ചതിന്‍റെ നടുക്കം വിട്ടുമാറാതെ നാട്ടുകാര്‍ . ഉച്ചക്ക് വീട്ടിലെത്തിയ ശേഷം വസ്ത്രം മാറി കുടുംബവീട്ടിലേക്ക് സ്കൂട്ടറോടിച്ച് പോകും വഴിയാണ് സൗമ്യയെ അജാസ് ദാരുണമായി കൊലപ്പെടുത്തുന്നത്. വീട്ടിൽ നിന്ന് ഇറങ്ങി സമീപത്തെ ചെറിയ റോഡിലേക്ക് കയറിയതേ ഉണ്ടായിരുന്നുള്ളു സൗമ്യ . അതിനിടയ്ക്കാണ് കാറുമായി അജാസ് എത്തിയത്. സ്കൂട്ടറിൽ കാറിടിപ്പിച്ച് വീഴ്ച്ത്തിയ ശേഷമാണ് അജാസ് സൗമ്യയെ വെട്ടിയത്. 

വെട്ടേറ്റ സൗമ്യ അലറിക്കരഞ്ഞ് പ്രാണരക്ഷാര്‍ത്ഥം അടുത്ത വീട്ടിലേക്ക് ഓടിക്കയറി. എന്നിട്ടും വെറുതെ വിടാൻ അജാസ് തയ്യാറായില്ല. പിന്നാലെ ഓടിച്ചെന്ന് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.നിമിഷങ്ങൾക്കകം തീഗോളമായി സൗമ്യ മാറിയത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അത്രയേറെ തീയാളി പടര്‍ന്നിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. 

എറണാകുളത്ത് ട്രാഫിക് പൊലീസ് ആയി ജോലി ചെയ്യുന്ന അജാസ് ഏതാനും ദിവസമായി അവധിയിലാണെന്നാണ് വിവരം. ഇയാൾക്കും അൻപത് ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കിയ ഇയാളുടെ ആരോഗ്യ അവസ്ഥ മെച്ചപ്പെട്ട ശേഷം മാത്രമെ കൊലപാതക കാരണം വ്യക്തമാക്കു എന്നാണ് പൊലീസ് പറയുന്നത്. 

മാവേലിക്കര വള്ളിക്കുന്നതിന് അടുത്ത് കാഞ്ഞിപ്പുഴയിൽ ഇന്ന് വൈകീട്ടാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.  സ്കൂട്ടറില്‍ പോവുകയായിരുന്ന വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്കരനെ ഇടിച്ചു വീഴ്ത്തിയ ശേഷം അജാസ്  പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപെടുത്തുകയായിരുന്നു. 

read more:മാവേലിക്കരയില്‍ വനിതാ പൊലീസുകാരിയെ പൊലീസുകാരന്‍ തീ കൊളുത്തി കൊന്നു 

read also:സൗഹൃദം തുടങ്ങിയത് കെഎപി ബെറ്റാലിയനിൽ നിന്ന് ; അജാസ് തീര്‍ത്തത് സൗമ്യയുമായുള്ള വ്യക്തിവിരോധം