ചാലക്കുടിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവിന്റെ ആത്മഹത്യാ ശ്രമം. ചാലക്കുടി അന്നനാട് സ്വദേശി ജോൺസണ് ആണ് പുഴയിൽ ചാടിയത്. 

തൃശൂര്‍: ചാലക്കുടിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവിന്റെ ആത്മഹത്യാ ശ്രമം. ചാലക്കുടി അന്നനാട് സ്വദേശി ജോൺസണ് ആണ് പുഴയിൽ ചാടിയത്. കുടുംബവഴക്കാണ്‌ സംഭവങ്ങൾക്കു പിന്നിലെന്ന് പൊലീസ് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അന്നനാട് സ്വദേശി ജോൺസൻ ചാലക്കുടി പാലത്തിനു മുകളിൽ നിന്ന് പുഴയിൽ ചാടിയത്. ശക്തമായ നീരൊഴുക്കിൽ കാണാതായ ജോൺസണെ കുറിച്ച് ദൃക്‌സാക്ഷികളാണ് പൊലീസിന് വിവരം നൽകിയത്. 

ചുരുങ്ങിയ സമയത്തിനുള്ളിൽ ഫയര്‍ ഫോഴ്‌സും നാട്ടുകാരും ഇടപെട്ട് ഇയ്യാളെ കരയ്ക്ക് കയറ്റിയതോടെയാണ് കൊലപാതക ശ്രമത്തിന്റെ കഥകൾ പുറത്തുവന്നത്. കാലങ്ങളായി അകന്ന് കഴിയുന്ന ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷമാണ് ജോൺസൻ പുഴയിൽ ചാടിയത്. 

കുടുംബത്തിലെ സമ്പത്തിക പ്രശ്നമാണ് വഴക്കിനു പിന്നിൽ. നാളുകൾക്ക് ശേഷം ഭാര്യ അന്നനാടുള്ള വീട്ടിൽ എത്തിയപ്പോഴാണ് വാക്കുതർക്കം ഉണ്ടാവുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തത് എന്ന് പൊലീസ് പറയുന്നു. പരിക്കേറ്റ യുവതി ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് കസ്റ്റഡിയിൽ ആണ് ജോൺസൻ. വിശദമായ ചോദ്യംചെയ്യലിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ചാലക്കുടി പൊലീസ് അറിയിച്ചു.