ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിന്‍റെ മറവിലായിരുന്നു ഇയാളുടെ തട്ടിപ്പ്. ചികിത്സയില്‍ സംശയം തോന്നിയ ഒരു രോഗിയുടെ ബന്ധുക്കളുടെ പരാതിയില്‍ നടത്തിയ അന്വേഷണമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്

നാഗ്പൂര്‍: ഡോക്ടര്‍ ചമഞ്ഞ് കൊവിഡ് രോഗികളെ ചികിത്സിച്ച വഴിയോര കച്ചവടക്കാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് വഴിയോര പഴക്കച്ചവടക്കാരന്‍ ഡോക്ടര്‍ ചമഞ്ഞ് കൊവിഡ് രോഗികളെ ചികിത്സിച്ചത്. നാഗ്പൂരിലെ കാംതി സ്വദേശിയായ ചന്ദന്‍ നരേഷ് ചൌധരിയാണ് അറസ്റ്റിലായത്.

പഴങ്ങളും ഐക്രീമും വിറ്റുനടന്നിരുന്ന ഇയാള്‍ ഇടക്കാലത്ത് ഇലക്ട്രീഷനായും ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഓം നാരായണ മള്‍ട്ടിപ്പര്‍പ്പസ് സൊസൈറ്റി എന്ന പേരില്‍ ഒരു ആയുര്‍വേദ ചികിത്സാ കേന്ദ്രവും ഇയാള്‍ നടത്തുന്നുണ്ട്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ഈ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിന്‍റെ മറവിലായിരുന്നു ഇയാളുടെ തട്ടിപ്പ്.

ചികിത്സയില്‍ സംശയം തോന്നിയ ഒരു രോഗിയുടെ ബന്ധുക്കളുടെ പരാതിയില്‍ നടത്തിയ അന്വേഷണമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ചൌധരിയുടെ സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ പൊലീസ് ഓക്സിജന്‍ സിലിണ്ടറുകളും സിറിഞ്ചുകളും മരുന്നുകളും കണ്ടെത്തി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona