Asianet News MalayalamAsianet News Malayalam

10 ദിവസത്തെ പരിചയം, ഫ്ലാറ്റിലേക്ക് ക്ഷണിച്ചു; വിദ്യാർത്ഥിനിയെ വെടിവച്ച് കൊന്നത് ഇൻസ്റ്റ സുഹൃത്തെന്ന് പൊലീസ്

ഫ്‌ളാറ്റിൽ പാർട്ടി നടന്നിരുന്നുവെന്ന റിപ്പോര്‍ട്ട് പൊലീസ് തള്ളിക്കളഞ്ഞു.

Student in Lucknow shot dead by Insta friend she met 10 days ago SSM
Author
First Published Sep 22, 2023, 4:52 PM IST

ലഖ്‌നൗ: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവാണ് ലഖ്‌നൗവില്‍ 23 കാരിയെ വെടിവെച്ച് കൊന്നതെന്ന് പൊലീസ്. ചിൻഹാട്ടിലെ കോളേജ് വിദ്യാർത്ഥിനി നിഷ്ത ത്രിപാഠിക്ക് വ്യാഴാഴ്ച പുലർച്ചെയാണ് വെടിയേറ്റത്. ലഖ്‌നൗവിലെ ചിൻഹട്ട് ഏരിയയിലെ ഫൈസാബാദ് റോഡിലെ ദയാൽ റസിഡൻസിയിലെ ഫ്ലാറ്റിലാണ് സംഭവം നടന്നത്. 

സംഭവത്തില്‍ 26 കാരനായ ആദിത്യ പഥക്കിനെ അറസ്റ്റ് ചെയ്തെന്ന് അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഈസ്റ്റ്) സയ്യിദ് അലി അബ്ബാസ് പറഞ്ഞു. ഐപിസി സെക്ഷൻ 302 പ്രകാരം കൊലപാതക കേസാണ് രജിസ്റ്റര്‍ ചെയ്തത്. അടുത്തിടെ ഒരു കവര്‍ച്ച കേസിലും ആദിത്യ പ്രതി ചേര്‍ക്കപ്പെട്ടിരുന്നു.

സ്വകാര്യ കോളേജില്‍ ബി കോം (ഓണേഴ്‌സ്) വിദ്യാര്‍ത്ഥിനിയായിരുന്നു കൊല്ലപ്പെട്ട ഹർദോയി സ്വദേശിനിയായ നിഷ്ത. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്ത ഹൗസ് പാർട്ടിയിലാണ് സംഭവം നടന്നതെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. ഫ്ലാറ്റില്‍ നിന്ന് മദ്യക്കുപ്പികള്‍ പൊലീസ് കണ്ടെടുത്തു. എന്നാൽ ഫ്‌ളാറ്റിൽ പാർട്ടി നടന്നിരുന്നുവെന്ന റിപ്പോര്‍ട്ട് പൊലീസ് തള്ളിക്കളഞ്ഞു.

ബല്ലിയ സ്വദേശിയാണ് ആദിത്യ. ആദിത്യ വാടകയ്ക്കെടുത്ത ഫ്ലാറ്റിലാണ് കൊലപാതകം നടന്നത്. നിഷ്തയെ ആദിത്യ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കത്തിനിടെ ആവാം ആദിത്യ നാടന്‍ തോക്ക് ഉപയോഗിച്ച് നിഷ്തയ്ക്ക് നേരെ വെടിയുതിര്‍ത്തത് എന്നാണ് പൊലീസിന്‍റെ നിഗമനം. ചോദ്യംചെയ്യലിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. മുൻഗറിൽ നിന്നാവാം പ്രതി പിസ്റ്റള്‍ വാങ്ങിയതെന്ന് വിഭൂതി ഖണ്ഡ് എസിപി അനിദ്യ വിക്രം സിംഗ് പറഞ്ഞു. 

പുലര്‍ച്ചെ മൂന്ന് മണിക്ക് ശേഷമായിരുന്നു സംഭവം. ആദിത്യയുടെ സുഹൃത്ത് മോനു വെടിയൊച്ച കേട്ട് ഓടിയെത്തിയപ്പോള്‍ രക്തത്തിൽ കുളിച്ച നിഷ്തയെ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആദിത്യയും സുഹൃത്തും ചേര്‍ന്നാണ് നിഷ്തയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ യുവതി മരിച്ചെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതോടെ ഇരുവരും സ്ഥലംവിട്ടു. പൊലീസ് വൈകാതെ ആദിത്യയെ അറസ്റ്റ് ചെയ്തു.

Follow Us:
Download App:
  • android
  • ios