Asianet News MalayalamAsianet News Malayalam

നെടുങ്കണ്ടം കസ്റ്റഡി മരണം; എസ് ഐ സാബുവിന്‍റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി, അറസ്റ്റ് ചെയ്യും

സാബു ജാമ്യത്തിൽ തുടരുന്നത് അന്വേഷണത്തെ സാരമായി ബാധിക്കുമെന്നായിരുന്നു സർക്കാർ വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. സാബുവിനെ അറസ്റ്റ് ചെയാനും കോടതി ഉത്തരവിട്ടു.

supreme court cancels si sabu bail in nedumkandam custodial death case
Author
Kochi, First Published Dec 16, 2019, 7:24 PM IST

ദില്ലി/കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണ കേസിലെ ഒന്നാം പ്രതി എസ് ഐ സാബുവിന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. സാബുവിനെ അറസ്റ്റ് ചെയ്യാൻ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്. നേരത്തെ ഹൈക്കോടതിയാണ് എസ്ഐ സാബുവിന് ജാമ്യം അനുവദിച്ചത്.

സാബു ജാമ്യത്തിൽ തുടരുന്നത് അന്വേഷണത്തെ സാരമായി ബാധിക്കുമെന്നായിരുന്നു സർക്കാർ വാദം. ജാമ്യം തുടരുകയാണെങ്കിൽ കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജ്കുമാറിന്റെ കുടുംബത്തിന് ബുദ്ധിമുട്ട് ഉണ്ടാകുമെന്നും അന്വേഷണത്തിന്റെ നിർണായക ഘട്ടത്തിൽ ജാമ്യം നൽകിയത് ശരിയല്ല എന്നും സർക്കാർ വാദിച്ചു. ഇതേ തുടര്‍ന്ന് സുപ്രീം കോടതി ജ്യാമ്യം റദ്ദാക്കി. സാബുവിനെ അറസ്റ്റ് ചെയാനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ ആഗസ്റ്റിലാണ് സാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സാബുവിനെതിരെ വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ പൊലീസിന് സാധിച്ചില്ലെന്ന് നിരീക്ഷിച്ചായിരുന്നു ഹൈക്കോടതിയുടെ നടപടി.

മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയപ്പോഴും ജയിലിൽ എത്തിച്ചപ്പോഴും കസ്റ്റഡി മർദ്ദനത്തെക്കുറിച്ച് രാജ്കുമാർ പരാതിപ്പെട്ടിട്ടില്ലെന്ന മജിസ്ട്രേറ്റിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തുടർന്ന് സാബുവിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു .

ഇതിനിടെ കേസിൽ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് കമ്മീഷൻ വിസ്താരം തുടങ്ങി. മരിച്ച രാജ്കുമാറിന്റെ ഭാര്യയടക്കം 4 പേരുടെ മൊഴിയാണ് കമ്മീഷൻ രേഖപ്പെടുത്തിയത്. രാജ്കുമാറിന്റെ പോസ്റ്റ്മോർട്ടം ആദ്യം നടത്തിയ ഡോ ജയിംസ്കുട്ടി, മെഡിക്കൽ ഓഫീസർ ഡോ സുബിരാജ് നടരാജൻ എന്നിവരുടെ മൊഴിയാണ് കമ്മീഷൻ ആദ്യം രേഖപ്പെടുത്തിയത്. റീപോസ്റ്റ്മോർട്ടം നടത്തിയപ്പോൾ പുതിയ മുറിവുകൾ രാജ്കുമാറിന്റെ ശരീരത്തിൽ കണ്ടെത്തിയതിനെ കുറിച്ച് എന്താണ് വിശദീകരണമെന്ന് കമ്മീഷൻ ചോദിച്ചു. ആദ്യപോസ്റ്റ്മോ‍ട്ടം നടത്തിയപ്പോൾ ഈ മുറിവുകൾ ശ്രദ്ധിച്ചിരുന്നുവെന്നും അത് വീഡിയോയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഡോക്ടർ കമ്മീഷനിൽ മൊഴി നൽകി. 

രാജ്കുമാറിന്റെ ഭാര്യ വിജയയും മകൻ ജോഷിയും കമ്മീഷന് മുന്നിൽ എത്തി. സർക്കാർ വാഗ്ദാനം ചെയ്ത ജോലി ഇതുവരെ കിട്ടിയില്ലെന്ന് വിജയ മൊഴിനൽകി. റീപോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരിൽ നിന്ന് ഈമാസം 18,19 തീയതികളിൽ കമ്മീഷൻ മൊഴി രേഖപ്പെടുത്തും

2019 ജൂണ്‍ 21നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻ‍ഡിലായ വാഗമൺ കോലാഹലമേട് സ്വദേശി രാജ്കുമാർ പീരുമേട് സബ്‍ ജയിലിൽ വച്ച് മരിച്ചത്. കസ്റ്റഡി മർദ്ദനത്തെത്തുടർന്നാണ് രാജ്‍കുമാർ മരിച്ചതെന്ന ബന്ധുക്കളുടെ ആരോപണത്തെ ശരിവയ്ക്കുന്നതായിരുന്നു പിന്നീട് വന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കേസില്‍ എസ്ഐ കെ എ സാബുവടക്കം നാലുപേരാണ് ഇതുവരെ അറസ്റ്റിലായത്.

Follow Us:
Download App:
  • android
  • ios