Asianet News MalayalamAsianet News Malayalam

പഴയ സുഹൃത്ത് വില്ലനായി; വയർലസ് സെറ്റുമായി ദിവാൻജിമൂലയിൽ വ്യജ പൊലീസിന്‍റെ റെയ്ഡ്, തട്ടിയത് 244 ഗ്രാം സ്വർണ്ണം

കുറ്റകൃത്യം നടത്താൻ പദ്ധതിയിട്ടപ്പോൾ തന്നെ പ്രതികൾ ഓൺലൈൻ സൈറ്റുകളിൽ ഓർഡർ ചെയ്ത് വയർലെസ് ഉപകരണങ്ങൾ വാങ്ങിയിരുന്നു. ഷാഡോ പോലീസുദ്യോഗസ്ഥർ കൈവശം കരുതുന്ന വയർലെസ് ആണെന്ന് മറ്റുള്ളവരെ ധരിപ്പിക്കാനായിരുന്നു ഇത്.

Suspects arrested for stealing gold from a trader by pretending to be police officers in Thirissur vkv
Author
First Published Nov 30, 2023, 6:41 PM IST

തൃശൂർ: സ്വർണാഭരണങ്ങൾ നിർമ്മിക്കാനായി ഉരുക്കിയ 244 ഗ്രാം സ്വർണവുമായി  കോഴിക്കോട്ടേക്ക്  പോവുകയായിരുന്ന വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർച്ച ചെയ്ത സംഘത്തിലെ മൂന്നുപേർ തൃശൂർ സിറ്റി പൊലീസിന്റെ പിടിയിലായി. ഇക്കഴിഞ്ഞ നവംബർ 17 വൈകീട്ട് 7.30 മണിക്കാണ് കേസിനാസ്പദമായ സംഭവം. തൃശൂരിലെ സ്വർണാഭരണ നിർമ്മാണ ശാലയിൽ നിന്നും കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വിൽപ്പന നടത്തുന്നതിനായി കൊണ്ടുപോയിരുന്ന 244 ഗ്രാം ഉരുക്കിയ സ്വർണമാണ് പ്രതികൾ കവർച്ച ചെയ്തത്. 

എറണാകുളം നോർത്ത് പറവൂർ ഓലിയത്ത് വീട്ടിൽ ബിനോയ് (52), നോർത്ത് പറവൂർ പള്ളിത്താഴം മണപ്പാട്ടുപറമ്പിൽ മിഥുൻ മോഹൻ (33), തൃശൂർ ചേറൂർ ചേർപ്പിൽ വീട്ടിൽ വിനീഷ് കുമാർ (45) എന്നിവരെയാണ് തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള ഷാഡോ പൊലീസും, ഈസ്റ്റ് പൊലീസും ചേർന്ന് പിടികൂടിയത്. കേസിൽ മൂന്നുപേർ കൂടി പിടിയിലാകാനുണ്ട്. ആലുവ സ്വദേശിയായ വ്യാപാരി തൃശൂരിൽ നിന്നും സ്വർണാഭരണവുമായി വരുന്നുണ്ടെന്ന് മനസ്സിലാക്കി, തൃശൂർ ദിവാൻജിമൂലയിൽ പ്രതികൾ കാത്തിരുന്നു. തങ്ങൾ പൊലീസുകാരാണെന്നും, വ്യാപാരിയുടെ കൈവശമുണ്ടായിരുന്ന ബാഗിൽ മയക്കുമരുന്ന് ആണെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും, അത് പരിശോധിക്കണമെന്നും പറഞ്ഞാണ് വ്യാജ പൊലീസെത്തിയത്. വ്യാപാരി ബാഗ് നൽകാൻ വിസമ്മതിച്ചപ്പോൾ  ഇയാളെ ബലമായി പിടിച്ച് മർദ്ദിച്ച്, കാറിൽകയറ്റി, തട്ടിക്കൊണ്ടുയി.

പിന്നീട് കൈവശമുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർച്ചചെയ്ത്, പരാതിക്കാരനെ വരാപ്പുഴ ഭാഗത്തെ റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ, തൃശൂർ - എറണാകുളം ജില്ലകളിലെ നൂറിൽപ്പരം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ എറണാകുളം പറവൂർ, പാലാരിവട്ടം എന്നീ സ്ഥലങ്ങളിൽ നിന്നും പിടിയിലായത്.  ഈ കേസിലെ പരാതിക്കാരന്റെ ദീർഘകാല സുഹൃത്തും, ബിസിനസ്സിലെ പങ്കാളിയുമായിരുന്നു കേസിലെ ആറാം പ്രതിയായ വിനീഷ് കുമാർ. പരാതിക്കാരൻ തൃശൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് സ്ഥിരമായി സ്വർണം കൊണ്ടുപോകുന്നുണ്ടെന്ന വിവരം അറിഞ്ഞ വിനീഷ്കുമാർ, അത് തട്ടിയെടുക്കാനായി ക്വട്ടേഷൻ നൽകുകയായിരുന്നു. തട്ടിക്കൊണ്ടുപോയി വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട പരാതിക്കാരൻ ഇക്കാര്യം ആദ്യം അറിയിച്ചത് വിനീഷ്കുമാറിനെ ആയിരുന്നു. പിറ്റേന്ന് വിനീഷ്കുമാറുമൊന്നിച്ചാണ് പരാതിക്കാരൻ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. 

പൊലീസാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ഡമ്മി വയർലസ് സെറ്റ്, കുരുമുളക് സ്പ്രേ 

കുറ്റകൃത്യം നടത്താൻ പദ്ധതിയിട്ടപ്പോൾ തന്നെ പ്രതികൾ ഓൺലൈൻ സൈറ്റുകളിൽ ഓർഡർ ചെയ്ത് വയർലെസ് ഉപകരണങ്ങൾ വാങ്ങിയിരുന്നു. ഷാഡോ പോലീസുദ്യോഗസ്ഥർ കൈവശം കരുതുന്ന വയർലെസ് ആണെന്ന് മറ്റുള്ളവരെ ധരിപ്പിക്കാനായിരുന്നു ഇത്. ഏതെങ്കിലും കാരണവശാൽ തട്ടിക്കൊണ്ടുപോകപ്പെടുന്നയാൾ ബലപ്രയോഗം നടത്തിയാൽ ഉപയോഗിക്കാനായി കുരുമുളക് സ്പ്രേയും ഇവർ കരുതിയിരുന്നു. അറസ്റ്റിലായ പ്രതികൾ എല്ലാവരും നിരവധി കേസുകളിലെ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.

വാഹനങ്ങൾ മോഷ്ടിച്ചെടുത്ത്, എഞ്ചിൻ നമ്പറും ചേസിസ് നമ്പറും മാറ്റി വിൽപ്പന നടത്തിയതിന് ഇയാൾക്കെതിരെ തൃശൂർ ജില്ലയിലെ കൊടകര, പുതുക്കാട്, വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷനുകളിലും, എറണാകുളം കടവന്ത്ര, ആലുവ, തിരുവനന്തപുരം വർക്കല പൊലീസ് സ്റ്റേഷനുകളിലും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലും വ്യാജസ്വർണം പണയം വെച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസുകളിൽ പ്രതിയാണ് പിടിയിലായ വിനീഷ് കുമാർ. ഇയാൾക്കെതിരെ കുന്നംകുളം, വരന്തരപ്പിള്ളി, വെഞ്ഞാറമൂട് എന്നീ പൊലീസ് സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ട്. പ്രതി മിഥുനെതിരെ അടിപിടി കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 
 
തൃശൂർ എസിപിയുടെ ചുമതലയുള്ള സിറ്റി സി-ബ്രാഞ്ച് എസിപി കെ. എ. തോമസ്, ഈസ്റ്റ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം. ആർ. അരുൺകുമാർ, സിപിഓ മാരായ എം.കെ. ജയകുമാർ, വി.എ. പ്രദീപ്, വൈശാഖ് രാജ്, വിനീഷ് ഭരതൻ, ഷാഡോ പൊലീസ് സബ് ഇൻസ്പെക്ടർമാരായ എൻ.ജി. സുവ്രതകുമാർ, പി.എം. റാഫി, എ.എസ്.ഐ സുദേവ്, സീനിയർ സിപിഓ പഴനിസ്വാമി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ വലയിലാക്കിയത്.

Read More : കാമുകനറിയാതെ ഫോൺ തുറന്ന യുവതി ഞെട്ടി, ഗാലറിയിൽ തന്‍റേയും മറ്റ് പെൺകുട്ടികളുടേതുമടക്കം 13,000 നഗ്ന ചിത്രങ്ങൾ !

Follow Us:
Download App:
  • android
  • ios