കോട്ടയം: കർദ്ദിനാളിനെതിരെ വ്യാജരേഖ ചമച്ചെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ മുരിങ്ങൂർ സാൻജോ നഗർ പള്ളി വികാരിക്ക് പൊലീസിന്റെ നോട്ടീസ്. സീറോ മലബാർ സഭാ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ ഭൂമിയിടപാട് കേസിൽ വ്യാജരേഖ ചമച്ചതായി ആരോപിക്കപ്പെടുന്ന ഫാ. ടോണി കല്ലൂക്കാരനോടാണ് ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് പതിച്ചത്. 

ശനിയാഴ്ച്ച ആലുവ ഡിവൈഎസ്പി ഓഫിസിൽ ഹാജരാകാനാവശ്യപ്പെട്ടുള്ള കത്ത് പള്ളിയോട് ചേർന്നുള്ള വികാരിയുടെ മേടയിലാണ് പതിച്ചിട്ടുള്ളത്. കേസിൽ വികാരിയെ നാലാം പ്രതിയായാണ് ചേർത്തിരിക്കുന്നത്. 

ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാനായി നേരത്തേ പൊലീസ് ശ്രമം നടത്തിയിരുന്നെങ്കിലും സാധിച്ചിരുന്നില്ല. വികാരിയുടെ മുറിയും പള്ളിയിലെ കമ്പ്യൂട്ടറും പൊലീസ് നേരത്തേ പരിശോധിച്ച് ഹാർഡ് ഡിസ്കും മറ്റും പിടിച്ചെടുത്തിരുന്നു.