Asianet News MalayalamAsianet News Malayalam

'പ്രശ്നമാക്കല്ലേ, ജീവിതം പോവും; വിദ്യാര്‍ത്ഥിനികള്‍ വസ്ത്രം മാറുന്നത് ഒളിഞ്ഞ് നോക്കിയ അധ്യാപകന്‍റെ ശബ്ദസന്ദേശം

എന്‍എസ്എസ് ക്യാമ്പിനെത്തിയ പെൺകുട്ടികൾ വസ്ത്രം മാറുന്ന സ്ഥലത്ത് ഒളിഞ്ഞു നോക്കിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നുമാണ് ഹരികുമാറിനെതിരെ പൊലീസിന് ലഭിച്ച പരാതി. 

teacher booked under pocso act for sexually abuse nss members in kanjikuzhi
Author
Thodupuzha, First Published Aug 20, 2022, 7:59 PM IST

തൊടുപുഴ: ഇടുക്കി കഞ്ഞിക്കുഴിയില്‍ എന്‍എസ്എസ് ക്യാമ്പിനെത്തിയ വിദ്യാര്‍ഥിനികള്‍ വസ്ത്രം മാറുന്നയിടത്ത് ഒളിഞ്ഞു നോക്കിയ അധ്യാപകന്‍ പരാതി ഒതുക്കിതീര്‍ക്കാനും ശ്രമിച്ചു. തനിക്കെതിരെ പരാതി പറയാതിരിക്കാന്‍ അധ്യാപകന്‍ ക്യാമ്പിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികളെ വിളിക്കുന്നതിന്‍റെ ശബ്ദ സന്ദേശം പുറത്തായി. കേസിലെ പ്രതിയായ അധ്യാപകന്‍ ഹരി ആര്‍ വിശ്വനാഥ് മറ്റൊരു വിദ്യാര്‍ഥിയെ വിളിച്ച്  സഹായം തേടുന്ന ഓഡിയോ ആണ് പുറത്തായത്.

 'പോക്‌സോ കേസാണ്, അകത്ത് പോവും,  ജീവിതം പോകും. എനിക്കവരെ വിളിക്കാനാവില്ല, അവരെ വിളിച്ച് പ്രശ്‌നമാക്കല്ലെയെന്ന് ഒന്ന് പറയാമോ'യെന്ന് അധ്യാപകന്‍ ചോദിക്കുന്നതിന്‍റെ ശബ്ദ സന്ദേശമാണ് പുറത്തായത്. വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെതിരേ പൊലീസ് പോക്‌സോ ആക്ട് ചുമത്തി കേസെടുത്തിരുന്നു. ഇതോടെയാണ് കേസ് ഒതുക്കി തീര്‍ക്കാന്‍ ആവശ്യപ്പെട്ട് അധ്യാപകന്‍ ക്യാമ്പിലുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥിയെ വിളിച്ചത്.  സംഭവം നടന്ന വിവരം പുറത്തറിഞ്ഞതിനു പിന്നാലെയാണ്  അധ്യാപകന്‍ സഹവിദ്യാര്‍ത്ഥിയോട് ഇക്കാര്യം ഫോണില്‍ സംസാരിച്ചത്. ഈ സമയത്ത് ഹരി ആര്‍ വിശ്വനാഥ് പരാതിക്കാരിയായ വിദ്യാര്‍ത്ഥിയോട്  ക്ഷമാപണം നടത്തുന്നുമുണ്ട്.  

കഞ്ഞിക്കുഴി പോലീസ് സ്റ്റേഷൻ അതി‍ർത്തിയിലുള്ള സ്ക്കൂളിൽ വച്ചാണ് വിദ്യാ‍ത്ഥിനിക്ക് നേരെ അധ്യാപകൻ ലൈംഗികാതിക്രമം നടത്തിയത്. പത്തനംതിട്ട സ്വദേശിയാണ് ഹരി ആ‍ർ വിശ്വനാഥ്. 12 മുതൽ 18 വരെ സ്ക്കൂളിൽ നടന്ന എൻഎസ്എസ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥിനിക്കാണ് ഹരിയിൽ നിന്നും മോശം അനുഭവമുണ്ടായത്.  എന്‍എസ്എസ് ക്യാമ്പിനെത്തിയ പെൺകുട്ടികൾ വസ്ത്രം മാറുന്ന സ്ഥലത്ത് ഒളിഞ്ഞു നോക്കിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നുമാണ് ഹരികുമാറിനെതിരെ പൊലീസിന് ലഭിച്ച പരാതി. 

ഇതിന് മുമ്പും ഹരി ആര്‍ വിശ്വനാഥിനെതിരേ സമാന പരാതി ഉയര്‍ന്നപ്പോള്‍ ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.  ബിജെപി അനുകൂല അധ്യാപക സംഘടയുടെ ജില്ലാ ഭാരവാഹിയാണ് ഹരി ‌ആർ വിശ്വനാഥ്.  അധ്യാപകനെ സ്കൂള്‍ മാനേജ്മെന്‍റ് സസ്പെന്‍റ് ചെയ്തിട്ടുണ്ട്. സംഭവം ശ്രദ്ധയിൽ പെട്ട ദിവസം കഞ്ഞിക്കുഴി പോലീസ് സ്ക്കൂളിലെത്തിയപ്പോൾ പരാതി നൽകാൻ മാനേജ്മെൻറ് മടിച്ചെങ്കിലും പിന്നീട് പരാതി നൽകി. ദുരനുഭവം നേരിട്ട കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയാണ് പോലീസ് കേസെടുത്തത്. ആ‍ർഎസ്എസ് ജില്ലാ പ്രചാ‍ർ പ്രമുഖുമാണ് ഹരി. അതേസമയം കേസെടുത്തതോടെ ഹരികുമാര്‍ ഒളിവില്‍ പോയതാണ് വിവരം. പൊലീസ് ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More: മുക്കുപണ്ടവുമായി ബാങ്കിന് മുന്നില്‍ കാത്തു നിന്നു, ജ്വല്ലറി ഉടമയെ പറ്റിച്ച് 3 ലക്ഷം തട്ടി; യുവാവ് പിടിയില്‍

Follow Us:
Download App:
  • android
  • ios