പാരീസ്: ഫ്രഞ്ച് തലസ്ഥാനം പരീസില്‍ നിന്നും 25 മൈല്‍ ആകലെ സെയ്ന്‍റി ഹോണറോയിന്‍ ചരിത്ര അധ്യാപകനെ തലയറുത്ത് കൊലപ്പെടുത്തിയത് ലോകമെങ്ങും ഞെട്ടലോടെയാണ് കണ്ടത്. സാമുവല്‍ പാറ്റി എന്ന 47 കാരനായ അധ്യാപകനാണ് കൊല്ലപ്പെട്ടത് എന്ന് ശനിയാഴ്ച വൈകീട്ടോടെ ഫ്രാന്‍സ് ഔദ്യോഗികമായി വ്യക്തമാക്കി.

സ്കൂള്‍ പരിസരത്തായിരുന്നു കൊലപാതകം നടന്നത്. വെള്ളിയാഴ്ച  വൈകീട്ട് 5.30 ഓടെ പൊലീസിന് സ്കൂള്‍ പരിസരത്ത് ഒരു വ്യക്തിയെ കുത്തി കൊലപ്പെടുത്തി എന്ന വിവരം ലഭിച്ച് സ്ഥലത്ത് എത്തുകയായിരുന്നു. ഇപ്പോഴാണ് കഴുത്ത് ച്ഛേദിക്കപ്പെട്ട നിലയില്‍ അധ്യപകന്‍റെ മൃതദേഹം കണ്ടത്.

സമീപത്ത് തന്നെ കൊലയാളിയുടെ സാന്നിധ്യവും ഉണ്ടായിരുന്നു. കയ്യിലുള്ള ആയുധം ഉപയോഗിച്ച് ഇയാള്‍ കൂടി നിന്നവരെ ഭീഷണിപ്പെടുത്തി. പൊലീസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇയാള്‍ കീഴടങ്ങാന്‍ കൂട്ടാക്കിയില്ല. അയാളുടെ കയ്യിലുള്ള തോക്ക് പുറത്തെടുത്ത് പൊലീസ് ഉദ്യോഗസ്ഥരെ വെടിവയ്ക്കാന്‍ ശ്രമിച്ചതോടെയാണ് പൊലീസ് ഇയാളെ വെടിവച്ച് വീഴ്ത്തിയത്. കൊലപാതകം നടത്തിയ വ്യക്തിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മോസ്കോയില്‍ ജനിച്ച ചെചെയ്നിയന്‍ വംശജനാണ് ഇയാള്‍. ഇയാള്‍ക്ക് വെറും 18 വയസ് മാത്രമേ ഉള്ളൂ. 

സംഭവസ്ഥലത്ത് നിന്നും മൂന്ന് മൈല്‍ അകലെ ഇറഗാനി സൂര്‍ ഓയിസ് എന്ന സ്ഥലത്താണ് അക്രമകാരിയുടെ താമസസ്ഥലം എന്നാണ് സൂചന. ഇയാളുടെ പേര്  അബ്ദുള്ളാഹ് അന്‍സ്റോവ് എന്നാണ്. ഇയാളുടെ ബന്ധുക്കള്‍ അടക്കം 10 പേരെയാണ് പൊലീസ് ഇപ്പോള്‍ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. നേരത്തെ സംഭവം ഇസ്ലാമിക തീവ്രവാദി ആക്രമണമാണ് എന്നാണ് ഫ്രഞ്ച് പ്രസിഡന്‍റ് മാക്രോണ്‍  സെയ്ന്‍റി ഹോണറോയിലെ സ്കൂള്‍ സന്ദര്‍ശിച്ച ശേഷം അറിയിച്ചത്.

ഒരു മാസം മുന്‍പ് സാമുവലിന്‍റെ ക്ലാസില്‍ സംഭവിച്ചത്...

ഒരു മാസം മുന്‍പാണ് കൌമരക്കാരായ (13-14 വയസ്) ഉള്ള കുട്ടികളുടെ ക്ലാസ് നയിക്കുകയായിരുന്നു സാമുവല്‍ പാറ്റി. മോറല്‍ ആന്‍റ് സിവിക് എഡ്യൂക്കേഷന്‍ എന്ന വിഷയത്തില്‍ അഭിപ്രായ സ്വതന്ത്ര്യം എന്ന ഭാഗമായിരുന്നു ഇദ്ദേഹത്തിന്‍റെ ക്ലാസ്. ഈ ക്ലാസില്‍ അഭിപ്രായ സ്വതന്ത്ര്യം സംബന്ധിച്ച ക്ലാസിനിടെ ചാര്‍ളി ഹെബ്ദോ എന്ന ഹാസ്യ പ്രസിദ്ധീകരണത്തില്‍ വന്ന പ്രവാചകന്‍റെ ചിത്രം ക്ലാസില്‍ അധ്യാപകന്‍ കാണിച്ചുവെന്നാണ് ആരോപണം. ഇത് ഒരു വിഭാഗം കുട്ടികളുടെ മാതാപിതാക്കള്‍ക്കിടയില്‍ പ്രതിഷേധം ഉണ്ടാക്കി. എന്നാല്‍ കാരിക്കേച്ചര്‍ പ്രദര്‍ശിക്കും മുന്‍പ് ഇതില്‍ താല്‍പ്പര്യമില്ലാത്ത ഇസ്ലാം വിശ്വാസികള്‍ക്കായ കുട്ടികള്‍ക്ക് ക്ലാസ് റൂം വിടാം എന്ന് അധ്യാപകന്‍ പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ ആ ക്ലാസിലെ 13 കാരിയുടെ പിതാവ്  പിന്നീട് യൂട്യൂബില്‍ ഒരു വീഡിയോ ഇട്ടു. അതില്‍ അധ്യാപകന്‍ ക്ലാസില്‍ കാണിച്ചുവെന്ന് പറയുന്ന ഒരു ചിത്രവും കാണിച്ചു. അധ്യാപകനെ ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ മറ്റ് അധ്യാപകര്‍ തന്നോടൊപ്പം ചേരണമെന്നും ഇയാള്‍ വീഡിയോയില്‍ പറഞ്ഞു. 'തഗ്ഗ്' എന്നാണ് ഇയാളെ വീഡിയോയില്‍ രക്ഷിതാവ് വിശേഷിപ്പിച്ചത്. ഈ വീഡിയോ ഏറെ പ്രചരിപ്പിക്കപ്പെട്ടതായി പൊലീസ് പറയുന്നു. പിന്നീട് ഈ രക്ഷിതാവ് മകളെയും കൂട്ടി പൊലീസ് സ്റ്റേഷനില്‍ എത്തി അധ്യാപകന്‍ സാമുവലിന് എതിരെ ക്ലാസില്‍ 'പോണോഗ്രാഫിക്' ചിത്രങ്ങള്‍ കാണിച്ചു എന്ന പേരില്‍ പരാതി നല്‍കിയെന്നാണ് പൊലീസ് പറയുന്നത്.

സംഭവം വിവാദമായപ്പോള്‍ സ്കൂള്‍ ടീച്ചര്‍മാരും, വിദ്യാഭ്യാസ വകുപ്പ് അധികൃതരും ഒരു യോഗം ചേര്‍ന്നു. ഇത് കൂടാതെ അധ്യാപകനെതിരെ പൊലീസില്‍ ചില രക്ഷിതാക്കള്‍ പരാതിയും നല്‍കിയിരുന്നു. ഈ കാര്യത്തില്‍ പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കിയ അധ്യാപകന്‍ സാമുവല്‍. അന്ന് ക്ലാസില്‍ പോലും ഇല്ലാത്ത പെണ്‍കുട്ടിയുടെ രക്ഷിതാവാണ് എങ്ങനെ പരാതി നല്‍കിയത് എന്നാണ് പൊലീസിനോട് പറഞ്ഞത്. 

സ്കൂളിന് അടുത്ത് തന്നെ ജീവിക്കുന്ന അധ്യാപകന്‍ സാമുവല്‍ ഒരു വിജനമായ മരക്കൂട്ടത്തിലൂടെ  നടന്നാണ് ദിവസവും സ്കൂളിലേക്ക് എത്തുന്നത്. എന്നാല്‍ രക്ഷിതാവിന്‍റെ പരാതിയും മറ്റും വന്നതോടെ ഇയാള്‍ക്ക് ഭീഷണികള്‍ വരാന്‍ തുടങ്ങി. ഇതോടെ സ്ഥിരം പോകുന്ന വഴി മാറി റെസിഡന്‍ഷ്യല്‍ ഏരിയ വഴിയാണ് ഒരു മാസത്തോളമായി ഇയാള്‍ സ്കൂളില്‍ എത്തിയത്. 

എന്നാല്‍ വെള്ളിയാഴ്ച  വൈകീട്ട് സ്കൂള്‍ വിട്ടപ്പോള്‍ തന്നെ കൊലയാളി അബ്ദുള്ളാഹ് അന്‍സ്റോവ് സ്കൂളിന് വെളിയില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ഇയാളെ അധ്യാപകന് മുന്‍ പരിചയം ഒന്നും ഇല്ലെന്നാണ് പൊലീസ് പറയുന്നത്.  അധ്യാപകനെ കറിക്കത്തികൊണ്ട് ആക്രമിച്ച് കഴുത്ത് അറക്കുകയാണ് ചെയ്തത്. കൊലയാളി അയാളുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ നേരത്തെ തന്നെ അധ്യാപകന്‍റെ ഫോട്ടോയും പേരും പ്രസിദ്ധീകരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം സംഭവം വിവാദമായതോടെ കഴിഞ്ഞ കുറേ ദിവസങ്ങളായി സ്കൂളില്‍ അജ്ഞാത ഫോണ്‍ വിളികള്‍ വര്‍ദ്ധിച്ചിട്ടുണ്ടായിരുന്നു എന്നാണ് സകൂള്‍ അധികൃതര്‍ പറയുന്നത്.