കോഴിക്കോട്: യുപി സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തില്‍ പ്രതിയായ അധ്യാപകൻ കീഴടങ്ങി. ഒളിവിലായിരുന്ന അധ്യാപകൻ പി ടി അബ്ദുൾ മസൂദാണ് മഞ്ചേരി സെഷൻസ് കോടതിയിൽ കീഴടങ്ങിയത്. ഇയാളെ സ്കൂൾ മാനേജ്‍മെന്‍റ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് കീഴടങ്ങൽ.

അറബിക് അധ്യാപകനായ മസൂദിനെതിരെ തേഞ്ഞിപ്പാലം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് തേഞ്ഞിപ്പലം പൊലീസ് സംഭവം അറിഞ്ഞത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം സ്വകാര്യ ലാബിലെ ഡോക്ടറാണ് പൊലീസിനെ അറിയിച്ചത്. പിന്നാലെ പൊലീസ് കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി മൊഴിയെടുക്കുകയും അധ്യാപകനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

താന്‍ അ‍ഞ്ചാം ക്ലാസിൽ പഠിപ്പിച്ച കുട്ടിയെയാണ് മസൂദ് രണ്ടര മാസം മുമ്പ് പീഡിപ്പിച്ചത്. തന്‍റെ ബന്ധുവായ മറ്റൊരു അധ്യാപകന്‍റെ വീട്ടില്‍ വച്ച് ഇയാള്‍ പീഡനം നടത്തിയതായാണ് പൊലീസിന് ലഭിച്ച വിവരം. സാമ്പത്തികമായി തീര്‍ത്തും പിന്നോക്കം നില്‍ക്കുന്ന പെണ്‍കുട്ടിയുടെ വീട്ടുകാരെ കേസില്‍നിന്ന് പിന്തിരിപ്പിക്കാന്‍ വലിയ സമ്മര്‍ദ്ദം നടക്കുന്നുവെന്നും സൂചനയുണ്ടായിരുന്നു.