ആശുപത്രി ജീവനക്കാരോടും നഴ്സിനോടും മോശമായ ഭാഷയില്‍ സംസാരിച്ച രാജേഷ് മൊബൈല്‍ ഫോണില്‍ വീഡിയോ ചിത്രീകരിക്കാനും ശ്രമം നടത്തി. ഇത് ജീവനക്കാര്‍ തടഞ്ഞതോടെ നഴ്സിനെ ആക്രമിക്കുകയായിരുന്നു.

ഹൈദരാബാദ്: വാക്സെനടുക്കാനെത്തിയപ്പോള്‍ സ്റ്റോക്കില്ലെന്ന് അറിയിച്ചതിന് നഴ്സിനെയും ആശുപത്രി ജീവനക്കാരെയും ആക്രമിച്ച ടെക്കി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന ഗച്ചിബൗളി സ്വദേശിയായ സോഫ്റ്റ്വെയർ എൻജിനീയര്‍ രാജേഷ്(24) ആണ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ ആക്രമിച്ചതിന് പിടിയിലായത്.

ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ഖൈറാത്താബാദ് അർബൻ പ്രൈമറി ഹെൽത്ത് സെന്ററിൽ രാജേഷ് വാക്സിൻ കുത്തിവെയ്പ്പിന് എത്തിയത്. നേരത്തെ ഓൺലൈനിൽ സമയം ബുക്ക് ചെയ്ത ശേഷമായിരുന്നു യുവാവ് വന്നത്. യുവാവ് വാക്സിൻ എടുക്കാനെത്തിയപ്പോഴേക്കും ആരോഗ്യകേന്ദ്രത്തിലെ വാക്സിൻ സ്റ്റോക്ക് തീർന്നു. ഇക്കാര്യം നഴ്സ് അറിയിച്ചതോടെ യുവാവ് പ്രകോപിതനാവുകയായിരുന്നു.

ആശുപത്രി ജീവനക്കാരോടും നഴ്സിനോടും മോശമായ ഭാഷയില്‍ സംസാരിച്ച രാജേഷ് മൊബൈല്‍ ഫോണില്‍ വീഡിയോ ചിത്രീകരിക്കാനും ശ്രമം നടത്തി. ഇത് ജീവനക്കാര്‍ തടഞ്ഞതോടെ നഴ്സിനെ ആക്രമിക്കുകയായിരുന്നു. യുവാവിന്‍റെ ആക്രമണത്തില്‍ നഴ്സിന്‍റെ മുഖത്ത് പരിക്കേറ്റു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവാവിനെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തില്ല. വീഡിയോ പുറത്തായി സംഭവം വിവാദമായതോടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona