ചെന്നൈ: ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകറുടെ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട ചെന്നൈ ബേസ്ഡ് സോഫ്റ്റ് വെയര്‍ എഞ്ചിനിയറെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രദീപ് എന്നയാളെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഓഗസ്റ്റ് 22 നാണ് ഇയാള്‍ പിടിയിലാകുന്നത്. ചൂഷണത്തിനിരയായ യുവതികളിലൊരാള്‍ നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്. 

പ്രദീപിന്‍റെ മൊബൈല്‍ ഫോണില്‍ നിന്ന് വിവിധ സ്ത്രീകളുടെ 60 നഗ്ന ചിത്രങ്ങള്‍ കണ്ടെടുത്തു. ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ ജോലി നല്‍കാമെന്നും നഗ്നചിത്രങ്ങള്‍ അയക്കണമെന്നും തന്നോട് പ്രദീപ് ആവശ്യപ്പെട്ടതായാണ് യുവതിയുടെ പരാതിയില്‍ വ്യക്തമാക്കുന്നത്. 

ആദ്യം സാധാരണ ഒരു ഫോട്ടോ അയച്ചുതരാന്‍ ആവശ്യപ്പെട്ടു. പിന്നീട് ഹോട്ടല്‍ അധികൃതര്‍ യുവതിയുടെ ശരീര ഘടന അറിയണമെന്നും അതിനായി നഗ്ന ചിത്രം അയക്കണമെന്നും ആവശ്യപ്പെട്ടു. അത് വിശ്വസിച്ച സ്ത്രീ ചിത്രം അയച്ചുകൊടുത്തു. എന്നാല്‍ പിന്നീട് ഇയാള്‍ തന്‍റെ ഫോണ്‍ വിളികള്‍ക്ക് പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും യുവതി പരാതിയില്‍ പറയുന്നു. 

അന്വേഷണത്തിനിടയിലാണ് ഇയാള്‍ മറ്റുസ്ത്രീകളുടെയും ചിത്രങ്ങള്‍ ഇത്തരത്തില്‍ ശേഖരിച്ചിട്ടുണ്ടെന്ന് പൊലീസിന് വ്യക്തമായത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രദീപ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പ്രദീപ് എത്ര സ്ത്രീകളെ കുടുക്കിയിട്ടുണ്ടെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.