ബെം​ഗളൂരു: അമ്മയെ മർദ്ദിച്ച് കൊന്നതിനുശേഷം സഹോദരനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച് സോ‌ഫ്റ്റ്‌വെയർ എഞ്ചിനീയർ. കെആർ‌ പുരം രാമമൂർത്തിന​ഗറിലാണ് സംഭവം. അമ്പത്തിയാറുകാരി നിർമ്മലയാണ് മകളുടെ മർദ്ദനത്തിൽ അതിദാരുണമായി കൊല്ലപ്പെട്ടത്. ​ഗുരുതര പരിക്കുകളോടെ സഹോ​ദരൻ ഹരീഷ് ചന്ദ്രശേഖറിനെ (31) ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ മുപ്പത്തിമൂന്നുകാരിയായ അമൃതയ്ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറ‍‍ഞ്ഞു.

15 ലക്ഷത്തോളം രൂപ യുവതിക്ക് കടബാധ്യതയുണ്ട്. പണമാവശ്യപ്പെട്ട് ആളുകൾ ശല്യപ്പെടുത്താൻ തുടങ്ങിയതിൽ പ്രകോപിതയായാണ് സഹോദരി കൊലപാതകത്തിന് ശ്രമിച്ചതെന്ന് ഹരീഷ് പറഞ്ഞു. പുലർച്ചെ അഞ്ചുമണിക്കാണ് സംഭവം. അമ്മയെ ഇരുബ് ദണ്ഡുകൊണ്ട് തലക്കടിച്ച് കൊന്നതിനുശേഷം സഹോദരന്റെ മുറിയിലേക്ക് പോകുകയായിരുന്നു. തുടർന്ന് കയ്യിൽ കരുതിയ കറി കത്തി ഉപയോ​ഗിച്ച് ഹരീഷിന്റെ കഴുത്തിൽ കുത്തി പരിക്കേൽപ്പിച്ചു. എന്നാൽ കുത്തേറ്റ ഹരീഷ് കിടക്കയിൽനിന്ന് ചാടി എഴുന്നേൽക്കുകയും അമൃതയെ ആക്രമണത്തിൽനിന്ന് തടയുകയുമായിരുന്നു.

അമൃത മുറിയിലെത്തുമ്പോൾ താൻ ഉറങ്ങുകയായിരുന്നുവെന്നും ശബ്ദമുണ്ടാക്കിയതിനെ തുടർന്ന് ഉണർന്നപ്പോൾ കത്തിയുമായി നിൽക്കുന്ന സഹോദരിയെ ആണ് കണ്ടതെന്നും ഹരീഷ് പൊലീസിനോട് പറഞ്ഞു. ബലപ്രയോഗത്തിനിടെ എന്തിനാണിത് ചെയ്തതെന്ന് ചോദിച്ചപ്പോൾ തനിക്ക് 15 ലക്ഷം രൂപയോളം കടബാധ്യതയുണ്ടെന്നും പണം ചോദിച്ച് പലരും വീട്ടിലെത്തി മാനക്കേടുണ്ടാവുന്നതിലും ഭേദം എല്ലാവരും മരിക്കുന്നതാണെന്ന് അമൃത പറഞ്ഞുവെന്നും ഹരീഷ് പറഞ്ഞു. ഇതിന് പിന്നാലെ അമൃത വീട്ടിൽനിന്ന് ഓടി രക്ഷപ്പെട്ടു.  

പരിക്കേറ്റ ഹരീഷ് വീടിനടുത്തുള്ള ബന്ധു സുധയെ വിളിക്കുകയും സഹായമഭ്യർത്ഥിക്കുകയും ചെയ്തു. സുധയും പ്രദേശിവാസികളും ചേർന്ന‌ാണ് ഹരീഷിനെ ആശുപത്രിയിലെത്തിച്ചത്. അതേസമയം, സംഭവത്തിൽ പൊലീസ് കേസെടുത്തു. ഒളിവിൽപോയ അമൃതയ്ക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറ‍ഞ്ഞു. സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്യുകയാണ് ഹരീഷ്. മാധവപുരത്തെ ഒരു സ്വകാര്യ കമ്പനിയിലാണ് അമൃത ജോലി ചെയ്യുന്നത്. ഹരീഷും അമൃതയും വിവാഹം കഴിച്ചിട്ടില്ല. കുറച്ച് വർഷം മുമ്പാണ് ഇരുവരുടെയും അച്ഛൻ മരണപ്പെട്ടത്.