വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ അഞ്ചംഗസംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു.

ധന്‍ബാദ്‌: ഝാര്‍ഖണ്ഡില്‍ കൂട്ടബലാത്സംഗത്തിനിരയായ ആദിവാസി പെണ്‍കുട്ടി മരിച്ചു. ധന്‍ബാദ്‌ ജില്ലയിലാണ്‌ സംഭവം. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ അഞ്ചംഗസംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. പ്രതികളില്‍ രണ്ട്‌ പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന്‌ പോലീസ്‌ അറിയിച്ചു.

വെള്ളിയാഴ്‌ച്ച രാത്രിയാണ്‌ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്‌. മദ്യലഹരിയിലായിരുന്ന അഞ്ചംഗസംഘം പെണ്‍കുട്ടിയെ വീടിന്‌ സമീപത്ത്‌ നിന്ന്‌ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അക്രമത്തിന്‌ ശേഷം ആള്‍പ്പാര്‍പ്പില്ലാത്ത പുരയിടത്തില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച്‌ സംഘം കടന്നുകളയുകയും ചെയ്‌തു. ആരുടെയോ സഹായത്താല്‍ തിരികെ വീട്ടിലെത്തിയ പെണ്‍കുട്ടി പറഞ്ഞാണ്‌ നടന്ന സംഭവങ്ങള്‍ വീട്ടുകാരറിഞ്ഞത്‌. വീട്ടിലെത്തിയ പെണ്‍കുട്ടി അല്‍പസമയത്തിനകം ബോധംകെട്ട്‌ വീഴുകയായിരുന്നെന്ന്‌ പിതാവ്‌ പോലീസില്‍ മൊഴി നല്‍കി.

ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ച്‌ പ്രതികളെയും പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കൂടുതല്‍ പേര്‍ കൃത്യത്തില്‍ പങ്കാളികളായിട്ടുണ്ടെന്ന്‌ സംശയിക്കുന്നതായി പോലീസ്‌ പറഞ്ഞു.