ഹൈദരാബാദ്: പിറന്നാള്‍ ദിനത്തില്‍ 19 കാരിയെ ക്രൂരമായി കൊലപ്പെടുത്തി. തെലങ്കാനയിലെ വാരങ്കല്‍ ജില്ലയിലെ ഹനംകൊണ്ടയിലാണ് സംഭവം. കൊലപാതകത്തിന് മുമ്പ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

പിറന്നാള്‍ ആയതിനാല്‍ അമ്പലത്തില്‍ പോകുകയാണെന്ന് പറഞ്ഞാണ് ബുധനാഴ്ച രാവിലെ പെണ്‍കുട്ടി വീട്ടില്‍നിന്ന് ഇറങ്ങിയത്. വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.രാത്രിയോടെ പെണ്‍കുട്ടിയുടെ മൃതദേഹം വാരങ്കലിലെ ഹണ്ടര്‍ റോഡില്‍നിന്ന് കണ്ടെത്തി.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി എംജിഎം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.