ഹൈദരാബാദ്: തെലങ്കാനയില്‍ ഒമ്പതുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. മൃതദേഹം കത്തിച്ചുകളഞ്ഞു. ദീക്ഷിത് റെഡ്ഡി എന്ന ഒമ്പതുവയസ്സുകാരനെയാണ് അയല്‍വാസി തട്ടിക്കൊണ്ടുപോയത്. വീടിനടുത്ത് സുഹൃത്തുക്കളോടൊപ്പം കളിക്കുകയായിരുന്ന ദീക്ഷിതിനെ മന്ദ സാഗര്‍ എന്ന യുവാവ് ബൈക്കില്‍ കയറ്റാം എന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോകുകയായിരുന്നു. പിന്നീട് കുട്ടിയെ ആരും കണ്ടിട്ടില്ല. മാധ്യമപ്രവര്‍ത്തകന്‍ ര്ഞ്ജിത്ത് റെഡ്ഡിയുടെ മകനാണ് ദീക്ഷിത്. 

ഞായറാഴ്ച ഏറെ വൈകിയിട്ടും മകനെ കാണാതായതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തട്ടിക്കൊണ്ടുപോയ ആളെ കുട്ടിക്ക് നല്ല പരിചയമുള്ളതിനാലാണ് വിളിച്ച ഉടനെ പോയതെന്ന് പൊലീസ് പറഞ്ഞു. ദീക്ഷിതിനെ നഗരത്തിലെ ഒരു ഒഴിഞ്ഞ പ്രദേശത്ത് എത്തിച്ച് മയക്കിക്കിടത്തിയ ഇയാള്‍ സ്‌കൈപ്പില്‍ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു. 45 ലക്ഷം രൂപയാണ് ദീക്ഷിതിന്റെ അമ് വസന്തയോട് ഇയാള്‍ ആവശ്യപ്പെട്ടത്. ഇതിനായി ഇയാള്‍ 18 തവണ ഇവരെ വിളിച്ചു. 

ഇതിനിടെ ദീക്ഷിതിന് തന്നെ തിരിച്ചറിയാമെന്നതിനാല്‍ ഇയാള്‍ കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു. കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷവും ഇയാള്‍ ബന്ധുക്കളോട് പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ബുധനാഴ്ച ദീക്ഷിതിന്റെ രക്ഷിതാക്കള്‍ പണവും സ്വര്‍ണ്ണവുമായി പറഞ്ഞ സ്ഥലത്ത എത്തിയെങ്കിലും തട്ടിക്കൊണ്ടുപോയയാള്‍ പ്രത്യക്ഷപ്പെട്ടില്ല. പണം കാണാനായി സ്‌കൈപ്പ് കോള്‍ ചെയ്യാന്‍ സാഗര്‍ ആവശ്യപ്പെട്ടു. ഇതുവഴിയാണ് സാഗറിനെ പൊലീസ് കുടുക്കിയത്. സ്‌കൈപ്പ് ഐഡി വഴി ഫോണ്‍ ട്രേസ് ചെയ്തു, ഇത് പ്രതിയെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചു. വ്യാഴാഴ്ച പൊലീസ് പ്രതിയെ പിടികൂടി.