തെലങ്കാന: 10ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്ത് കൊലപ്പെടുത്തി. പെണ്‍കുട്ടിയെ കാണാനില്ലെന്ന് പിതാവ് പരാതി നല്‍കി മൂന്നാം ദിവസമാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തെലങ്കാനയിലാണ് സംഭവം. വീടിന് അര കിലോമീറ്റര്‍ അകലെയുള്ള 27കാരനായ നവീന്‍ റെഡ്ഡിയുമായി പെണ്‍കുട്ടി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടിരുന്നു. ഇയാളെ കാണാന്‍ പോയതിനുശേഷമാണ് പെണ്‍കുട്ടിയെ കാണാതായത്. 

നവീന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ രക്ഷപ്പെട്ട് ഓടിയ കുട്ടി കുഴഞ്ഞ് താഴെ വീഴുകയായിരുന്നു. സംഭവത്തില്‍ പ്രതിയായ നവീന്‍ റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ നിശബ്ദയാക്കാന്‍ നവീന്‍ അവളുടെ തലയ്ക്ക് അടിച്ചിരുന്നോ എന്ന സംശയം പൊലീസിനുണ്ട്. 

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്നവര്‍ പെണ്‍കുട്ടികളെ ശാരീരികമായി ചൂഷണം ചെയ്യുകയും പെണ്‍കുട്ടികള്‍ കൊല്ലപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ കൂടിവരികയാണെന്ന് പൊലീസ്  സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാലരാജു എന്‍ഡിടിവിയോട് പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ ചതിക്കുഴികളെ കുറിച്ച് യുവതലമുറയെ ബോധവല്‍ക്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

തെലങ്കാനയിലെ ഖമ്മമം ജില്ലയില്‍ നിന്ന് സമാന സംഭവത്തില്‍ മറ്റൊരു പെണ്‍കുട്ടിയുടെയും മൃതദേഹം കണ്ടെത്തി. 18 വയസുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.