അതിക്രമത്തിന്‍റെ ദൃശ്യങ്ങളടക്കം നല്‍കിയിട്ടും ഒരാളെ മാത്രമേ പൊലീസ് അറസ്റ്റ് ചെയ്തുളളൂ എന്നാണ് ആരോപണം.

കൊല്ലം: കൊല്ലം അഞ്ചലില്‍ ക്ഷേത്ര പൂജാരിയെയും കുടുംബത്തെയും വീടു കയറി അക്രമിച്ച സംഘത്തിനു നേരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി. അതിക്രമത്തിന്‍റെ ദൃശ്യങ്ങളടക്കം നല്‍കിയിട്ടും ഒരാളെ മാത്രമേ പൊലീസ് അറസ്റ്റ് ചെയ്തുളളൂ എന്നാണ് ആരോപണം.

അഞ്ചല്‍ നെടിയറ ക്ഷേത്രത്തിലെ മേല്‍ശാന്തി രജീഷിന്‍റെ വീട്ടില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി മൂന്നംഗ സംഘം അതിക്രമിച്ചു കയറി അസഭ്യം പറയുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രജീഷിന്‍റെ ഗര്‍ഭിണിയായ ഭാര്യയടക്കം വീട്ടിലുളളപ്പോഴായിരുന്നു അതിക്രമം. അസഭ്യം പറഞ്ഞതിനു പുറമേ ഭിന്നശേഷിക്കാരനായ മകനടക്കം വീട്ടിലുണ്ടായിരുന്ന അജീഷിന്‍റെ ബന്ധുക്കളെ അക്രമി സംഘം മര്‍ദിച്ചെന്നും പരാതിയുണ്ട്.

പൊലീസില്‍ പരാതിപ്പെട്ടാല്‍ നെഞ്ചത്ത് കത്തി കയറ്റുമെന്നായിരുന്നു ഭീഷണി. ഏറെ പണിപ്പെട്ടാണ് സംഘത്തെ വീട്ടില്‍ നിന്ന് പുറത്താക്കിയത്. ഒരു പ്രകോപനവുമില്ലാതെ മദ്യപ സംഘം വീട്ടില്‍ വന്നു കയറുകയായിരുന്നെന്ന് രജീഷും കുടുംബവും പറയുന്നു. സംഭവം നടന്ന് അഞ്ചു ദിവസം പിന്നിട്ടിട്ടും സംഘത്തിലെ ഒരാളെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തത് എന്ന പരാതിയും കുടുംബത്തിനുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona