ഇടുക്കി: തട്ടുകടയില്‍ കയറി ജീവനക്കാരെ ഗുണ്ടാസംഘം ആക്രമിച്ചു. കട്ടപ്പനയിലാണ്  ഗുണ്ടാസംഘത്തിന്‍റെ ആക്രമമണം നടന്നത്. വടിവാളുകൊണ്ടുള്ള വെട്ടിൽ ഒരാൾക്ക് മുഖത്ത് സാരമായി പരിക്കേറ്റു. 

ശനിയാഴ്ച രാത്രിയായിരുന്നു സംഭവങ്ങളുടെ തുടക്കം. മദ്യപിച്ചെത്തിയ ഒരുസംഘം കടയിലെത്തി പ്രശ്നമുണ്ടാക്കിയപ്പോൾ ജീവനക്കാർ ഇവരെ ഇറക്കി വിട്ടു. ഇതിന്റ പ്രതികാരമായാണ് ഞായറാഴ്ച വൈകീട്ട് രണ്ട് വാഹനങ്ങളിലായെത്തിയ പത്തോളം വരുന്ന ഗുണ്ടാസംഘം ജീവനക്കാരെ ക്രൂരമായി മർദ്ദിച്ചത്. വടിവാളുകൊണ്ടുള്ള വെട്ടിൽ പരിക്കേറ്റ മുരുകനെന്ന ജീവനക്കാരന്‍റെ മുഖത്ത് പതിനൊന്നൊളം സ്റ്റിച്ചുണ്ട്. കടയുടമ രാഹുലിന് ഇരുമ്പ് വടികൊണ്ടാണ് അടിയേറ്റത്. മറ്റ് നാലോളം ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്.

കട്ടപ്പന ഭാഗത്തുള്ളവർ തന്നെയാണ് ആക്രമണം നടത്തിയതെന്നാണ് കടയുടമ പറയുന്നത്. അക്രമി സംഘത്തിലെ ചിലരെ കണ്ടാലറിയാം. ആക്രമണശേഷം ഫോണിലൂടെ ഭീഷണിയുണ്ടെന്നും ഇവർ പറയുന്നു. കടയുടമയുടെ പരാതിയിൽ കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.