രണ്ട് ആവശ്യങ്ങള്‍ക്കുമായി വാട്ടര്‍ അതോറിറ്റി ഓഫീസിലെ ഡ്രാഫ്റ്റ്സ്മാനായ രാജീവ് കൈക്കൂലിയായി അയ്യായിരം രൂപയാണ് ആദ്യം ആവശ്യപ്പെട്ടത്. പിന്നീടത് പതിനായിരം രൂപയാക്കി.
മലപ്പുറം: മലപ്പുറത്ത് കരാറുകാരനില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥന്‍. മലപ്പുറം വാട്ടര്‍ അതോറിറ്റി ഓഫീസിലെ ഡ്രാഫ്റ്റ്സ്മാനായ രാജീവ് ആണ് അറസ്റ്റിലായത്. പൈപ്പിടല്‍ പ്രവൃത്തി പൂര്‍ത്തിയാക്കാനുള്ള തിയ്യതി നീട്ടി നല്‍കാനുള്ള പേപ്പറുകള്‍ ശരിയാക്കുന്നതിനായി പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്.
ജല്‍ ജീവന്‍ മിഷന്‍ പ്രകാരമുള്ള നാലു കോടി രൂപയുടെ പൈപ്പിടല്‍ പ്രവൃത്തിയുടെ കാലാവധി നീട്ടി നല്‍കുന്നതിനുള്ള പേപ്പറുകള്‍ ശരിയാക്കാനായി കരാറുകാരനായ മുഹമ്മദ് ഷഹീദ് നിരവധി തവണയാണ് മലപ്പുറത്തെ വാട്ടര്‍ അതോറിറ്റി ഓഫീസ് കയറിയിറങ്ങിയത്. റോഡ് കീറി പൈപ്പിടുന്നതിനായി പിഡബ്ല്യുഡിയുടെ അനുമതിക്കായുള്ള കത്തും ആവശ്യമായിരുന്നു. ഈ രണ്ട് ആവശ്യങ്ങള്‍ക്കുമായി വാട്ടര്‍ അതോറിറ്റി ഓഫീസിലെ ഡ്രാഫ്റ്റ്സ്മാനായ രാജീവ് കൈക്കൂലിയായി അയ്യായിരം രൂപയാണ് ആദ്യം ആവശ്യപ്പെട്ടത്. പിന്നീടത് പതിനായിരം രൂപയാക്കി.
ഇതോടെയാണ് കരാറുകാരന്‍ വിജിലന്‍സിനെ സമീപിച്ചത്. തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ നോട്ട് കെട്ട് മുഹമ്മദ് ഷഹീദ് ഉദ്യോഗസ്ഥന് കൈമാറുകയായിരുന്നു. ഇതിനിടെ ഓഫീസിലേക്കെത്തിയ വിജിലന്‍സ് ഡി വൈ എസ് പി ഫിറോസ് എം ഷഫീഖിന്‍റെ നേതൃത്വത്തിലുള്ള സംഘം ഉദ്യോഗസ്ഥനെ കൈയോടെ പിടികൂടി. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട് ചിറ്റൂര്‍ സ്വദേശിയായ രാജീവ് ഇപ്പോള്‍ താമസിക്കുന്ന എരവിമംഗലത്തെ വീട്ടിലും വിജിലന്‍സ് സംഘം പരിശോധന നടത്തി.
