വീഡിയോയില്‍ പ്രതിയുടെ മുഖം വ്യക്തമല്ലെന്നും ആരാണ് തിരിച്ചറിഞ്ഞശേഷം നിയമപ്രകാരം തുടര്‍നടപടി സ്വീകരിക്കുമെന്നും രജൗരി പോലീസ് പറ‍ഞ്ഞു

ദില്ലി: തെരുവുപട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെ മധ്യവയസ്കനെതിരെ കേസെടുത്ത് ദില്ലി പോലീസ്. പ്രതിക്കെതിരെ പീപ്പിള്‍സ് ഫോര്‍ ആനിമല്‍സ് എന്ന സന്നദ്ധ സംഘടന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ പലതവണയായി തെരുവപട്ടികളെ ഇത്തരത്തില്‍ പീഡിപ്പിച്ചിരുന്നുവെന്നും സുഭാഷ് നഗറിലെ ഇയാളുടെ വെയര്‍ഹൗസിന്‍റെ വാതിലിനടിയില്‍നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നുമാണ് സന്നദ്ധ സംഘടന പരാതിയില്‍ പറയുന്നത്.

തെരുവുനായയെ പീഡിപ്പിക്കുന്ന‍തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായ പ്രചരിച്ചതോടെയും ഇയാള്‍ക്കെതിരെ മുമ്പും പരാതിയുള്ളതിനാലുമാണ് പോലീസിനെ സമീപിച്ചതെന്ന് സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍, ആദ്യം പോലീസ് കേസെടുക്കാന്‍ വിസമ്മതിച്ചുവെന്ന ആരോപണവും ഉയര്‍ന്നു. മുതിര്‍ന്ന പോലീസുകാരുടെ ഇടപെടലിനെതുടര്‍ന്നാണ് കേസെടുത്തതെന്നും എന്നാല്‍, ഇതുവരെ അറസ്റ്റ് നടപടിയുണ്ടായില്ലെന്നും സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ ആരോപിച്ചു.

സെപ്റ്റംബര്‍ ആറിനും സെപ്റ്റംബര്‍ 13നും ഇയാള്‍ തെരുവുപട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതില്‍ സെപ്റ്റംബര്‍ 13ന് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. വെയര്‍ ഹൗസിനുള്ളിലേക്ക് തെരുവുപട്ടിയെ കൊണ്ടുവന്നശേഷമാണ് പീഡനം. വീഡിയോയിലുള്ള ആളുടെ വിവരങ്ങള്‍ ശേഖരിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് രജൗരി ഗാര്‍ഡന്‍ പോലീസ് കേസെടുത്തത്. വീഡിയോയില്‍ പ്രതിയുടെ മുഖം വ്യക്തമല്ലെന്നും ആരാണ് തിരിച്ചറിഞ്ഞശേഷം നിയമപ്രകാരം തുടര്‍നടപടി സ്വീകരിക്കുമെന്ന് രജൗരി പോലീസ് പറ‍ഞ്ഞു.