തിരുവനന്തപുരം: പേയാട് തിയേറ്റർ പാർക്കിംഗ് കേന്ദ്രത്തിൽ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തിൽ വാഹന ഉടമയെ എക്സൈസ് പ്രതി ചേർത്തു.സിനിമാമേഖലയുമായി ബന്ധമുളള ഇയാൾ കേരളത്തിലെ കഞ്ചാവ് വിതരണത്തിലെ മുഖ്യ കണ്ണിയെന്നാണ് എക്സൈസിന്റെ സംശയം

വാഹന ഉടമയും സിനിമാവിതരണമേഖലയിൽ പ്രവർത്തിക്കുന്നതുമായ വെള്ളറട സ്വദേശി അനിൽകുമാറിനെയാണ് എക്സൈസ് പ്രതിചേർത്തത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ലോറികളിൽ കഞ്ചാവ് എത്തിച്ചു ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രമുഖനാണ് ഇയാളാണെന്നാണ് എക്സൈസിന്റെ നിഗമനം.

ഇന്നലെ രാത്രിയാണ് പേയാട് എസ്പി തിയേറ്ററിന്റെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന ഇന്നോവ കാറിൽ നിന്ന് അരകോടിയോളം രൂപ വിപണിവില വരുന്ന 50 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടിയത്.തിരുവനന്തപുരം എക്സൈസിന് സർക്കിൾ ഇൻസ്പെടർ സി.കെ അനിൽ കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.

ആന്ധ്രയിലെ പത്രങ്ങളും പോസ്റ്ററുകളും ഉപയോഗിച്ച് പൊതിഞ്ഞ് സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. അതിനാൽ ആന്ധ്രയിൽ നിന്നോ തെലുങ്കാനയിൽ നിന്നോ ആകാം കഞ്ചാവ് എത്തിച്ചതെന്നാണ് നിഗമനം. എസ്.പി തീയറ്റർ ഉടമയുമായി അനിൽകുമാറിന് മുൻ പരിചയമുണ്ടായിരുന്നു. കൊവിഡ് സാഹചര്യത്തിൽ ഇന്നോവ പാർക്ക് ചെയ്യാൻ അനുവദിക്കണമെന്നും ഓട്ടം കുറവാണെന്നുമുളള ഇയാളുടെ ആവശ്യം അംഗീകരിക്കുക മാത്രമാണ് ചെയ്തതെന്നാണ് തീയറ്റർ ഉടമയുടെ മൊഴി. 

അനിൽ കുമാർ ബംഗ്ളൂരിലേക്ക് കടന്നതായാണ് സൂചന..ഇയാൾക്കായുള്ള അന്വേഷണം ഊർജിതപ്പെടുത്തിയതായി എക്സൈസ് അറിയിച്ചു.സമീപത്തെ സിസിടിവി ദൃശ്യങ്ങളും എക്സൈസ് പരിശോധിച്ച് വരികയാണ്.