ചെറായിയിലെ രംഭ ഫ്യൂവൽസിലായിരുന്നു മോഷണം. പുലർച്ചെ മൂന്ന് മണിയോടെയാണ് വാതിൽ കുത്തിത്തുറന്ന മോഷ്ടാവ് പെട്രോൾ പമ്പിൽ പ്രവേശിച്ചത്. വെള്ള ജാക്കറ്റ് ധരിച്ച ഇയാൾ പണവും മൊബൈൽ ഫോണും കൈക്കലാക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

കൊച്ചി: എറണാകുളം പറവൂർ ചെറായിയിൽ പെട്രോൾ പമ്പിൽ മോഷണം. 1,35,000 രൂപയും മൊബൈൽ ഫോണുമാണ് മോഷ്ടാവ് കവർന്നത്. മുൻ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്. സംഭവത്തിൽ സിസിടിവി അടിസ്ഥാനമാക്കി പൊലീസ് അന്വേഷണം തുടങ്ങി

ചെറായിയിലെ രംഭ ഫ്യൂവൽസിലായിരുന്നു മോഷണം. പുലർച്ചെ മൂന്ന് മണിയോടെയാണ് വാതിൽ കുത്തിത്തുറന്ന മോഷ്ടാവ് പെട്രോൾ പമ്പിൽ പ്രവേശിച്ചത്. വെള്ള ജാക്കറ്റ് ധരിച്ച ഇയാൾ പണവും മൊബൈൽ ഫോണും കൈക്കലാക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപയാണ് മോഷ്ടാവ് കവർന്നത്. തലേ ദിവസത്തെ വിൽപനയുടെ പൈസയാണ് ഓഫീസിൽ സൂക്ഷിച്ചത്. ഓഫീസ് ആവശ്യത്തിന് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും കൊണ്ടുപോയി.

പറവൂർ ഡിവൈഎസ്പി പി ആർ രാജേഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. അ‍ഞ്ച് സംഘങ്ങളായി തിരി‍ഞ്ഞാണ് അന്വേഷണം. ഒന്നിലധികം ആളുകൾ മോഷണത്തിന് പിന്നിലുണ്ടെന്നാണ് പൊലീസ് നിഗമനം. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുകയാണ്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. 

Read Also: നാദാപുരത്ത് പെൺകുട്ടിക്ക് വെട്ടേറ്റു; ആക്രമിച്ച യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോടും ഇന്ന് സമാനമായ രീതിയിൽ പമ്പിൽ മോഷണം നടന്നിരുന്നു. കോട്ടൂളിയിൽ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കിയാണ് അജ്ഞാതൻ കവർച്ച നടത്തിയത്. അർദ്ധരാത്രിയോടെയാണ് ജീവനക്കാരനെ കെട്ടിയിട്ട് സിനിമാമോഡലിൽ മോഷണം നടന്നത്. അമ്പതിനായിരം രൂപ കവർന്നുവെന്നാണ് പ്രാഥമികനിഗമനം. സ്ഥലത്ത് മെഡിക്കൽ കോളേജ് പൊലീസിന്‍റെ നേതൃത്വത്തിൽ ഫൊറൻസിക് വിദഗ്ധർ അടക്കം എത്തി പരിശോധന നടത്തി.

പമ്പിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന് ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് കിട്ടിയത്. കറുത്ത മുഖം മൂടിയിട്ട ഒരാളാണ് അർദ്ധരാത്രിയിൽ കോഴിക്കോട് കോട്ടൂളിയിലെ പെട്രോൾ പമ്പിലെത്തിയത്. കറുത്ത വസ്ത്രങ്ങളും കൈയുറയും ധരിച്ച ഇയാൾ പെട്രോൾ പമ്പിലെ ഓഫീസിലേക്ക് ഇടിച്ചു കയറി. തുടർന്ന് പെട്രോൾ പമ്പിലെ ജീവനക്കാരനും ഇയാളും തമ്മിൽ മൽപ്പിടുത്തമുണ്ടായി. ജീവനക്കാരനെ ഇയാൾ ക്രൂരമായി മർദ്ദിക്കുന്നത് ദൃശ്യത്തിൽ കാണാം. പരിക്കേറ്റ പെട്രോൾ പമ്പ് ജീവനക്കാരൻ മുഹമ്മദ് റാഫിയെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

YouTube video player