കൊല്ലം: ജില്ലയില്‍ ഒട്ടേറെ മയക്കു മരുന്ന് കേസുകളിലും മോഷണ കേസുകളിലും പ്രതിയായ യുവാവിനെ കരുതല്‍ തടങ്കലിലേക്ക് മാറ്റി പൊലീസ്. മയക്കുമരുന്ന് കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ശേഷം വീണ്ടും അക്രമ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞതോടെയാണ് മുപ്പത്തിയൊന്നുകാരനെതിരെ പൊലീസ് കാപ്പ ചുമത്തിയത്.

പരവൂര്‍ സ്വദേശി കലേഷ്. വയസ് മുപ്പത്തിയൊന്ന്. നിലവില്‍ പതിനഞ്ച് കേസുകളാണ് കലേഷിനെതിരെ കൊല്ലം നഗര പരിധിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിലവിലുളളത്.മയക്കു മരുന്ന് കേസുകളാണ് ഏറെയും. കവര്‍ച്ച,ആയുധമുപയോഗിച്ചുളള ആക്രമണം,സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം എന്നീ കേസുകള്‍ വേറെയും. 

ഒന്നര കിലോയോളം കഞ്ചാവ് കൈവശം വച്ച കേസില്‍ ഏഴു വര്‍ഷം കലേഷ് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട് കലേഷ്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം വീണ്ടും മയക്കു മരുന്ന് കച്ചവടവും മോഷണവും തുടങ്ങി.

സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലായിരുന്നു മയക്കു മരുന്ന് കച്ചവടം. ഇതോടെയാണ് കലേഷിനെ കരുതല്‍ തടങ്കലിലേക്ക് മാറ്റാന്‍ പൊലീസ് തീരുമാനിച്ചത്. സിറ്റി പൊലീസ് കമ്മിഷണറുടെ ശുപാര്‍ശയനുസരിച്ച് കൊല്ലം ജില്ലാ കലക്ടറാണ് കലേഷിനെ കരുതല്‍ തടങ്കലിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്.